യുഎപിഎ ബിൽ: വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാമെന്ന വ്യവസ്ഥ അനിവാര്യമെന്ന് അമിത് ഷാ
യു എ പി എ ബില്ലിലെ വിവാദ വ്യവസ്ഥയായയെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാമെന്നതാണ് ബില്ലിലെ വിവാദ വ്യവസ്ഥ. എട്ടിനെതിരെ 284 വോട്ടുകൾക്കാണ് ബിൽ ലോക്സഭയിൽ പാസായത്.
സർക്കാർ ഭീകരവാദത്തിനെതിരെ പൊരുതുകയാണ്. ഏത് പാർട്ടിയാണ് അധികാരത്തിലിരിക്കുന്നത് എന്നതിനൊന്നും വലിയ പ്രാധാന്യമില്ല. ആത്മാർഥമായി പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകരെ പീഡിപ്പിക്കാൻ പോലീസിന് ഒരു താത്പര്യവുമില്ല. പക്ഷേ അർബൻ മാവോയിസ്റ്റുകളെ ഞങ്ങൾ തകർക്കുമെന്നും അമിത് ഷാ പറഞ്ഞു
വ്യക്തികളെ ഭീകരാവദികളായി ചിത്രീകരിക്കേണ്ട ആവശ്യം ഇവിടെയുണ്ട്. അമേരിക്ക, പാക്കിസ്ഥാൻ, ചൈന, ഇസ്രായേൽ, യൂറോപ്യൻ യൂനിയൻ എല്ലാവരും ഇത് ചെയ്തിട്ടുണ്ട്. നിങ്ങൾ അധികാരത്തിലിരിക്കെയാണ് ഇത് കൊണ്ടുവന്നത്. നിങ്ങൾ അന്ന് ചെയ്തത് ശരിയാണെങ്കിൽ ഞങ്ങൾ ഇപ്പോൾ ചെയ്യുന്നതും ശരിയാണെന്ന് പ്രതിപക്ഷത്തോട് അമിത് ഷാ പറഞ്ഞു