ഉന്നാവോ ബലാത്സംഗ കേസിലെ ഇരയുടെ വാഹനം അപകടത്തിൽപ്പെട്ടു; അമ്മയും ബന്ധുവും കൊല്ലപ്പെട്ടു, പെൺകുട്ടി ഗുരുതരാവസ്ഥയിൽ
ഉത്തർപ്രദേശിലെ ഉന്നാവോയിൽ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാറിനെതിരെ ലൈംഗികാതിക്രമത്തിന് കേസ് നൽകിയ യുവതി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. യുവതിയുടെ അമ്മയും ബന്ധുവും കൊല്ലപ്പെട്ടു. യുവതിക്കും അഭിഭാഷകനും ഗുരുതരമായി പരുക്കേറ്റു
റായ്ബറേലിയിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ട്രക്ക് ഡ്രൈവർ ഓടിരക്ഷപ്പെട്ടു. യുവതിയുടെ പിതാവ് നേരത്തെ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന് പിന്നിൽ ഗൂഢാലോചന സംശയിക്കുന്നുണ്ട്.
ബിജെപി എംഎൽഎ കുൽദീപ് സെൻഗാറാണ് കുട്ടിയെ ലൈംഗികമായി ആക്രമിച്ചത്. ഇതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ ആത്മഹത്യാശ്രമം നടത്തിയപ്പോഴാണ് പെൺകുട്ടിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നതും മർദിച്ച് കൊന്നതും. ഇപ്പോൾ നടന്ന അപകടത്തിന് പിന്നിലും ബിജെപി ഭരണകൂടത്തിന്റെ കൈകകളുണ്ടെന്ന് സംശയിക്കുന്നവരാണ്.