വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നു; 60 ലക്ഷം പേരെ ബാധിച്ചേക്കും, ആളുകളെ ഒഴിപ്പിക്കുന്നു
അറബിക്കടലിൽ രൂപം കൊണ്ട വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നു. നാളെ പുലർച്ചെയോടെ ചുഴലിക്കാറ്റ് തീരം തൊടും. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശിയേക്കുമെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റിനെ തുടർന്ന് ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളുടെ തീരപ്രദേശങ്ങളിൽ കനത്ത മഴയും കാറ്റും അനുഭവപ്പെടുന്നുണ്ട്.
ഗുജറാത്തിന്റെ തീരപ്രദേശങ്ങളിൽ നിന്നായി ആളുകളെ ഒഴിപ്പിക്കുകയാണ്. ദമാൻ, ദിയു എന്നിവിടങ്ങളിൽ നിന്നായി മൂന്ന് ലക്ഷം പേരെയെങ്കിലും ഒഴിപ്പിക്കുമെന്നാണ് അറിയുന്നത്. ഇവർക്കായി 700 ദുരിതാശ്വാസ ക്യാമ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. സൗരാഷ്ട്ര, കച്ച് മേഖലകളിൽ നിന്നുള്ളവരെയാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് സുരക്ഷാ ഒരുക്കങ്ങൾ വിലയിരുത്തുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 25 ടീമുകളെ ഗുജറാത്തിലേക്ക് അയച്ചിട്ടുണ്ട്. വ്യോമസേന, നാവിക സേനയും സജ്ജമാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൽ തുറന്നിട്ടുണ്ട്.