യൂസഫ് തരിഗാമിയെ കാണാൻ യെച്ചൂരി കാശ്മീരിലെത്തി; ഇന്ന് കാശ്മീരിൽ തങ്ങണമെന്ന് ആവശ്യം
സിപിഎം കേന്ദ്രകമ്മിറ്റി അംഗവും എംഎൽഎയുമായ യൂസഫ് തരിഗാമിയെ കാണാനായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കാശ്മീരിലെത്തി. സുപ്രീം കോടതി അനുമതിയോടെയാണ് യെച്ചൂരി കാശ്മീരിലെത്തിയത്. ശ്രീനഗറിൽ വിമാനമിറങ്ങിയ അദ്ദേഹം സുരക്ഷാ അകമ്പടിയോടെയാണ് തരിഗാമിയുടെ വീട്ടിലേക്ക് പോയത്.
ഇന്ന് കാശ്മീരിൽ തങ്ങണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതിനുള്ള അനുമതി പോലീസ് ഇതുവരെ നൽകിയിട്ടില്ല. തരിഗാമിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകണമെന്ന് യെച്ചൂരി പറഞ്ഞു.
കാശ്മീരിലെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം സംസ്ഥാനത്തേക്ക് എത്തുന്ന ആദ്യത്തെ രാഷ്ട്രീയ പാർട്ടി നേതാവാണ് യെച്ചൂരി. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയും സംഘവും ശ്രീനഗറിലെത്തിയിരുന്നുവെങ്കിലും വിമാനത്താവളത്തിൽ നിന്ന് തന്നെ തിരിച്ചയക്കുകയായിരുന്നു.