നടുറോഡിലിട്ട് യുവാവിനെ കോടാലി കൊണ്ട് വെട്ടിക്കൊന്നു; വീഡിയോ പ്രചരിക്കുന്നു
ഹൈദരാബാദിലെ തിരക്കേറിയ റോഡിലിട്ട് യുവാവിനെ അക്രമികൾ കോടാലി കൊണ്ട് വെട്ടിക്കൊന്നു. കൊലപാതകത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. കൊലപാതകം നടക്കുമ്പോൾ പോലീസുകാർ നോക്കിനിൽക്കുന്നതും മറ്റൊരു പോലീസ് വാഹനം ഇവർക്കരികിലൂടെ കടന്നുപോകുന്നതും ദൃശ്യങ്ങളിൽ കാണാം.
രാജേന്ദ്രനഗറിലാണ് സംഭവം നടന്നത്. യുവാവിനെ രണ്ട് പേർ ചേർന്ന് ആക്രമിക്കുന്നതും ഇയാൾ മരിച്ചുവെന്ന് ഉറപ്പായതോടെ അക്രമികൾ ആയുധം ഉയർത്തി ആഹ്ലാദം പ്രകടിപ്പിക്കുന്നതുമാണ് കാണാനാകുന്നത്. കഴിഞ്ഞ വർഷം നടന്ന കൊലപാതകത്തിന്റെ പ്രതികാരമായാണ് അക്രമം നടന്നതെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം പോലീസ് അക്രമം തടയാൻ ശ്രമിക്കാതിരുന്നത് വ്യാപക വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.