വേദന തോന്നി, പക്ഷേ എന്തു ചെയ്യാനാകും, ഞങ്ങൾ പാവപ്പെട്ടവരാണ്; പ്രതികരണവുമായി സൊമാറ്റോ ഡെലിവറി ബോയ്
ഡെലിവറി ബോയ് അഹിന്ദു ആയതിന്റെ പേരിൽ ഓർഡർ ചെയ്ത ഭക്ഷണം യുവാവ് റദ്ദാക്കിയ സംഭവം കഴിഞ്ഞ ദിവസം വിവാദമായിരുന്നു. സൊമാറ്റോയുടെ ഡെലിവറി ബോയ് ഹിന്ദു അല്ല എന്ന കാരണത്താലാണ് അമിത് ശുക്ലയെന്ന മതവെറിയൻ ഓർഡർ ക്യാൻസൽ ചെയ്തത്. ഇതിന് പിന്നാലെ അമിത് ശുക്ലക്ക് സൊമാറ്റോ നൽകിയ ക്ലാസിക് മറുപടി ഏറെ പ്രശംസിക്കപ്പെട്ടിരുന്നു
ഫയാസ് എന്ന യുവാവാണ് അമിത് ശുക്ലയുടെ അടുത്ത് ഡെലിവറിക്കായി പോയത്. ഇത്തരമൊരു അനുഭവം ആദ്യമായിട്ടാണെന്ന് ഫയാസ് പറയുന്നു. എന്നെ ഏറെ വേദനിപ്പിച്ചു. പക്ഷേ എനിക്ക് എന്ത് ചെയ്യാനാകും..ഞങ്ങൾ പാവപ്പെട്ടവരാണ്. ഇത്തരം കാര്യങ്ങളെല്ലാം സഹിക്കാൻ വിധിക്കപ്പെട്ടവർ- എന്നായിരുന്നു ഫയാസിന്റെ മറുപടി.
ഭക്ഷണത്തിന് മതമില്ല, ഭക്ഷണം തന്നെ ഒരു മതമാണെന്നായിരുന്നു മതവെറിയന് സൊമാറ്റോ നൽകിയ മറുപടി. ബിസിനസ്സിൽ ഇതിന്റെ പേരിൽ എന്തെങ്കിലും നഷ്ടമുണ്ടായൽ പോലും തങ്ങളത് കാര്യമാക്കുന്നില്ലെന്നായിരുന്നു സൊമാറ്റോ സ്ഥാപകൻ ദീപേന്ദർ ഗോയൽ പ്രതികരിച്ചത്.