ഐസിസിയിൽ നൽകിയ കേസ് തോറ്റു; പാക് ക്രിക്കറ്റ് ബോർഡ് ബിസിസിഐക്ക് പത്ത് കോടി രൂപ നഷ്ടപരിഹാരമായി നൽകി
ഐസിസിയുടെ തർക്കപരിഹാര സമിതിയിൽ സമർപ്പിച്ച കേസ് തോറ്റതോടെ പാക് ക്രിക്കറ്റ് ബോർഡ് ബിസിസിഐക്ക് നഷ്ടപരിഹാര തുക നൽകി. 1.6 മില്യൺ യുഎസ് ഡോളർ(ഏകദേശം 10,96,64,800 രൂപ)യാണ് പിസിബി നഷ്ടപരിഹാരമായി നൽകിയത്.
തങ്ങളുമായുള്ള ക്രിക്കറ്റ് പരമ്പരകളിൽ നിന്ന് ഇന്ത്യ പിൻമാറിയത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് കാണിച്ച് പിസിബിയാണ് ഐസിസിയെ ബന്ധപ്പെട്ടത്. ബിസിസിഐയിൽ നിന്ന് 500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ഹർജി.
എന്നാൽ കേസ് തോൽക്കുകയും ഹർജി ഐസിസി തള്ളുകയും ചെയ്തു. തുടർന്ന് തങ്ങൾക്ക് കേസിനും മറ്റും ചെലവായ തുക പിസിബിയിൽ നിന്ന് ഈടാക്കണമെന്ന ബിസിസിഐയുടെ ആവശ്യം ഐസിസി അംഗീകരിക്കുകയും ചെയ്തു. തുടർന്നാണ് നഷ്ടപരിഹാരം നൽകിയത്.