ബാഴ്സക്കും ഇന്റർമിലാനും സമനില; ചെൽസിക്കും ലിവർ പൂളിനും തോൽവി തുടക്കം
ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തിൽ ബാഴ്സലോണക്ക് ബൊറൂസിയ ഡോട്ട്മുണ്ടിനെതിരെ സമനില. മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു. മെസിയെ ബഞ്ചിലിരുത്തിയാണ് ബാഴ്സ മത്സരത്തിനിറങ്ങിയത്.
ബാഴ്സക്ക് വേണ്ടി 16കാരൻ അൻസു ഫാത്തി കളത്തിലിറങ്ങി. 59ാം മിനിറ്റിൽ ഫാത്തിക്ക് പകരം മെസ്സിയെ കളത്തിലിറക്കിയെങ്കിലും ബാഴ്സക്ക് രക്ഷയുണ്ടായിരുന്നില്ല. ബൊറൂസിയ നായകൻ മാർക്കോ റിയൂസ് പെനാൽറ്റി പാഴാക്കിയില്ലായിരുന്നുവെങ്കിൽ ബാഴ്സ തോൽവിയോടെ ആരംഭിക്കേണ്ടി വരുമായിരുന്നു
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഇന്റർമിലാൻ-സ്ലാവിയ പ്രാഗ് മത്സരവും സമനിലയിൽ കലാശിച്ചു. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി.
ഗ്രൂപ്പ് ഇയിലെ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളിന് തോൽവിയോടെ തുടക്കം. എതിരില്ലാത്ത രണ്ട് ഗോളിന് ഇറ്റാലിയൻ ക്ലബ്ബായ നാപോളിയാണ് ലിവർപൂളിനെ ഞെട്ടിച്ചത്. 82ാം മിനിറ്റിലും ഇഞ്ചുറി ടൈമിലുമാണ് നാപോളി ഗോളുകൾ പിറന്നത്.
ചെൽസിക്കും ചാമ്പ്യൻസ് ലീഗിൽ തോൽവിത്തുടക്കമായിരുന്നു. സ്വന്തം മൈതാനത്ത് സ്പാനിഷ് ക്ലബ് വലൻസിയോട് എതിരില്ലാത്ത ഒരു ഗോളിനാണ് ചെൽസി പരാജയപ്പെട്ടത്. 87ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ചെൽസി പാഴാക്കുകയും ചെയ്തു. 74ാം മിനിറ്റിലാണ് വലൻസിയയുടെ ഗോൾ പിറന്നത്.