ക്രിസ്റ്റ്യാനോയല്ല, താരമായത് ഡീബാല; മാഞ്ചസ്റ്ററിനെ വീഴ്ത്തി യുവന്റസിന്റെ കുതിപ്പ്
ചാമ്പ്യൻസ് ലീഗിൽ യുവന്റസിന് തകർപ്പൻ ജയം. ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്ററിനെ അവരുടെ തട്ടകമായ ഓൾഡ് ട്രാഫോഡിൽ വെച്ചാണ് യുവന്റസ് തകർത്തത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു യുവന്റസിന്റെ ജയം.
വർഷങ്ങൾക്ക് ശേഷം ക്രിസ്റ്റിയാനോ ഓൾഡ് ട്രാഫോഡിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയിലാണ് ആരാധകർ മത്സരത്തെ കണ്ടത്. എന്നാൽ ഡീബാലയാണ് മത്സരത്തിൽ താരമായി മാറിയത്. 18ാം മിനിറ്റിൽ അർജന്റീനൻ താരം നേടിയ ഗോളിലൂടെയാണ് യുവന്റസ് ജയം സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരത്തിൽ ഹാട്രിക് നേടിയ ഡീബാലക്ക് ഇതോടെ ചാമ്പ്യൻസ് ലീഗിൽ നാല് ഗോളുകളായി
വിജയത്തോടെ ഒമ്പത് പോയിന്റുള്ള യുവന്റസ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റ് മാത്രമാണ് മാഞ്ചസ്റ്റർ യുനൈറ്റഡിനുള്ളത്.