ഗുണതിലകയെ ക്രിക്കറ്റിൽ നിന്നും വിലക്കി; കുറ്റം പുറത്തുവിടാതെ ലങ്കൻ ക്രിക്കറ്റ് ബോർഡ്
ശ്രീലങ്കൻ ഓൾ റൗണ്ടർ ധനുഷ്ക ഗുണതിലകയെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും സസ്പെൻഡ് ചെയ്തതായി ലങ്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. അന്വേഷണം പൂർത്തിയാകുന്നതുവരെയാണ് നടപടി. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ഇന്ന് അവസാനിക്കുന്നതോടെ വിലക്ക് നിലവിൽ വരും
ഗുണതിലകയുടെ മാച്ച് ഫീ തടഞ്ഞുവെക്കാനും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം ഗുണതിലക ചെയ്ത കുറ്റമെന്താണെന്ന് വെളിപ്പെടുത്താൻ ക്രിക്കറ്റ് ബോർഡ് തയ്യാറായില്ല. അച്ചടക്ക ലംഘനം കാണിച്ചുവെന്നാണ് വിശദീകരണമായി അവർ പറയുന്നത്. കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യക്കെതിരായ മൂന്ന് മത്സരങ്ങളിൽ നിന്നും ഗുണതിലകയെ സസ്പെൻഡ് ചെയ്തിരുന്നു
പരമ്പരക്കിടെ ഗുണതിലകെ ആരോടും പറയാതെ ടീം ഹോട്ടലിൽ നിന്ന് മുങ്ങിയെന്നും പിറ്റേ ദിവസമാണ് തിരിച്ചെത്തിയതെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ഇതാണ് കടുത്ത നടപടിയിലേക്ക് ക്രിക്കറ്റ് ബോർഡിനെ പ്രേരിപ്പിച്ചത് എന്നാണ് സൂചന