ബട്ലർ മാജിക്ക് വീണ്ടും; ഓസ്ട്രേലിയയെ വൈറ്റ് വാഷ് ചെയ്ത് ഇംഗ്ലണ്ടിന്റെ തേരോട്ടം
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര ഇംഗ്ലണ്ട് തൂത്തുവാരി. അഞ്ചാം ഏകദിനത്തിലും വിജയിച്ച് പരമ്പര ഇംഗ്ലണ്ട് 5-0ന് സ്വന്തമാക്കി. ആദ്യാവസാനം വരെ ആവേശം നിറഞ്ഞ അഞ്ചാം ഏകദിനത്തിൽ ഒരു വിക്കറ്റിനാണ് ഇംഗ്ലണ്ടിന്റെ ജയം.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 34.4 ഓവറിൽ 205 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. വിജയലക്ഷ്യമായ 206 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട് 48.3 ഓവറിൽ ഒരു വിക്കറ്റ് ബാക്കി നിൽക്കെ ലക്ഷ്യം കണ്ടു.
114 റൺസ് എടുക്കുന്നതിനിടെ 8 വിക്കറ്റുകൾ നഷ്ടപ്പെട്ട് പതറിയ ഇംഗ്ലണ്ടിനെ ജോസ് ബട്ലറുടെ തകർപ്പൻ സെഞ്ച്വറിയാണ് വിജയത്തിലേക്ക് എത്തിച്ചത്. ആറാമനായി ക്രീസിലെത്തിയ ബട്ലർ 110 റൺസുമായി പുറത്താകാതെ നിന്നു. ഒമ്പതാം വിക്കറ്റിൽ ആദിൽ റഷീദുമൊന്നിച്ച് 81 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്തു.
ഓസീസ് നിരയിൽ 56 റൺസെടുത്ത ട്രാവിസ് ഹെഡ്ഡാണ് ടോപ് സ്കോറർ. ഡാർസി ഷോർട്ട് 47 റൺസെടുത്തു. ഇംഗ്ലണ്ടിനായി മൊയിൻ അലി നാല് വിക്കറ്റെടുത്തു. ഇതാദ്യമായാണ് ഓസീസിനെതിരായ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പര ഇംഗ്ലണ്ട് തൂത്തുവാരുന്നത്