ഓരോ ഗോൾ നേടി ഒപ്പത്തിനൊപ്പം ഇംഗ്ലണ്ടും ക്രൊയേഷ്യയും; മത്സരം അധികസമയത്തേക്ക്
റഷ്യൻ ലോകകപ്പിന്റെ രണ്ടാം സെമിഫൈനൽ മത്സരത്തിൽ നിശ്ചിത സമയത്ത് ക്രൊയേഷ്യയും ഇംഗ്ലണ്ടും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. ഇതോടെ മത്സരം അധികസമയത്തേക്ക് നീണ്ടു. ആക്രമണവും പ്രത്യാക്രമണവും ഒരേപോലെ കണ്ട മത്സരത്തിൽ 68 മിനിറ്റും പിന്നിൽ നിന്ന ശേഷമാണ് ക്രൊയേഷ്യ സമനില പിടിച്ചത്.
മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ ഇംഗ്ലണ്ട് മുന്നിൽ വന്നു. ഫ്രീകിക്കിലൂടെ ട്രിപ്പിയറായിരുന്നു ഇംഗ്ലണ്ടിന്റെ സ്കോർ കണ്ടെത്തിയത്. ബോക്സിന് തൊട്ടുപുറത്ത് നിന്നെടുത്ത കിക്ക് ഗോളിയുടെ തലയ്ക്ക് മുകളിലൂടെ വലയിലേക്ക് പതിക്കുകയായിരുന്നു. ആദ്യ പകുതി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 1-0ന് മുന്നിലായിരുന്നു
രണ്ടാം പകുതിയിലും ക്രെയേഷ്യയുടെ ആക്രമണം കണ്ടാണ് തുടങ്ങിയത്. സമനിലക്കായി തുടരെ തുടരെ അവർ ആക്രമണം അഴിച്ചുവിട്ടു. 68ാം മിനിറ്റിൽ അവർ ഒടുവിൽ ലക്ഷ്യം കണ്ടു. ഇവാൻ പെരിസിച്ചിന്റെ മനോഹരമായ ഗോളിലൂടെ ക്രൊയേഷ്യ സമനില പിടിക്കുകയായിരുന്നു
ഗോൾ വീണതിന് ശേഷം ക്രൊയേഷ്യ തങ്ങളുടെ ആക്രമണത്തിന്റെ തീവ്രത വർധിപ്പിച്ചതോടെ ഇംഗ്ലണ്ട് തീർത്തും പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഇടക്ക് കിട്ടുന്ന കൗണ്ടർ അറ്റാക്കുകൾ ക്രൊയേഷ്യൻ പ്രതിരോധഭിത്തിയിൽ തട്ടിവീഴുകയും ചെയ്തതോടെ മത്സരം ആവേശകരമായി മാറി.