ഓസിലിനെതിരെ കൂട്ട ആക്രമണം; അയാൾക്ക് ചത്ത തവളയുടെ ശരീര ഭാഷയെന്ന് മുൻ ജർമൻ താരം
റഷ്യൻ ലോകകപ്പിൽ ആദ്യ റൗണ്ടിൽ നിന്നും പുറത്തായതിന്റെ ഞെട്ടലിൽ നിന്ന് ജർമനി ഇതുവരെ മുക്തരായിട്ടില്ല. കിരീട നിലനിർത്താമെന്ന പ്രതീക്ഷയുമായി എത്തിയ ലോകചാമ്പ്യൻമാർക്ക് തൊട്ടതെല്ലാം പിഴച്ചു. ഇന്നലെ നടന്ന നിർണായക മത്സരത്തിൽ ദക്ഷിണ കൊറിയയോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോറ്റതോടെയാണ് ജർമനി പുറത്തായത്.
മധ്യനിരയിലെ പോരായ്മയാണ് ജർമനിയുടെ തോൽവിക്ക് കാരണമായതെന്ന് ആരാധകർ പറയുന്നു. ഇതിൽ കൂടുതലും ആക്രമണങ്ങൾക്ക് വിധേയനാകുന്നത് മെസ്യൂട്ട് ഓസിലാണ്. താരത്തിന് ഫോമിലേക്ക് ഉയരാൻ സാധിക്കാതെ വന്നത് ടീമിന് തിരിച്ചടിയായി മാറിയിരുന്നു. എന്നാൽ മെസ്യൂട്ട് ഓസിലിനെ കടന്നാക്രമിച്ച് മുൻ ജർമൻ താരം മരിയോ ബാസ്ലർ രംഗത്തെത്തി.
ഓവറേറ്റഡായ കളിക്കാരനാണ് മെസ്യൂട്ട് ഓസിലെന്ന് ബാസ്ലർ പറയുന്നു. ഓസിലിന്റേത് ചത്ത തവളയുടെ ശരീര ഭാഷയാണെന്നും അദ്ദേഹം തുറന്നടിച്ചു. 2014ൽ ടീമിന്റെ ഭാഗ്യ താരമായിരുന്ന ഓസിൽ ഇത്തവണ ടീമിന്റെ പതനത്തിന് കാരണക്കാരനായെന്ന് ആരാധകരും വിമർശിക്കുന്നു. എന്നാൽ ഓസിലിനെ പിന്തുണക്കുന്ന നിലപാടാണ് കോച്ച് ജോക്വിം ലോ സ്വീകരിച്ചത്.