കേരളപ്പിറവി ദിനത്തിൽ വമ്പൻ പോരാട്ടത്തിനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ അഞ്ചാം മത്സരം ഇന്ന് നടക്കും. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുന്നത്. ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം നിർണായകമാണ്.
മത്സരം വിജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. നിലവിൽ 2-1ന് ഇന്ത്യ മുന്നിലാണ്. വിൻഡീസ് ആണ് ജയിക്കുന്നതെങ്കിൽ അവർക്ക് പരമ്പര സമനിലയിലാക്കാം.
കേരളപ്പിറവി ദിനത്തിൽ തന്നെ വമ്പൻ പോരാട്ടം കാണാനാകുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. റൺസ് ഒഴുകുന്ന പിച്ചാണ് കാര്യവട്ടത്ത് ഒരുക്കിയതെന്ന് കഴിഞ്ഞ ദിവസം ക്യൂറേറ്റർ അറിയിച്ചിരുന്നു. മുപ്പത് വർഷത്തിന് ശേഷമാണ് തിരുവനന്തപുരത്ത് ഒരു ഏകദിന മത്സരം വരുന്നത്.