ആരും തോൽക്കാത്ത മത്സരം: ഇന്ത്യയെ സമനിലയിൽ തളച്ച് അഫ്ഗാൻ
ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ഇന്ത്യയെ അഫ്ഗാനിസ്ഥാൻ സമനിലയിൽ തളച്ചു. ഏഷ്യാ കപ്പിലെ അവസാന മത്സരം ഇതോടെ അഫ്ഗാനിസ്ഥാൻ അവിസ്മരണീയമാക്കുകയും ചെയ്തു. അവസാന രണ്ട് പന്തിൽ ഇന്ത്യക്ക് ജയിക്കാൻ ഒരു റൺസ് മാത്രം മതിയായിരുന്നു. എന്നാൽ അഞ്ചാം പന്തിൽ ജഡേജയെ പുറത്താക്കി റാഷിദ് ഖാൻ ജയത്തിന് തുല്യമായ സമനില നേടിക്കൊടുക്കുകയായിരുന്നു
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ എട്ട് വിക്കറ്റ് 252 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ഇന്ത്യ 49.5 ഓവറിൽ 252 റൺസിന് എല്ലാവരും പുറത്തായി. അഫ്ഗാന്റെ തേരോട്ടത്തിൽ ഇന്ത്യൻ വിക്കറ്റുകൾ കൊഴിയുമ്പോഴും 34 പന്തിൽ 25 റൺസുമായി പിടിച്ചുനിന്നെങ്കിലും ഒടുവിൽ ജഡേജയും വീഴുകയായിരുന്നു.
110 റൺസിന്റെ ഓപണിംഗ് വിക്കറ്റ് കൂട്ടുകെട്ട് ലഭിച്ച ശേഷമാണ് ഇന്ത്യ തകർന്നത്. ഓപണർമാരായ രാഹുലും അമ്പട്ടി റായിഡുവും പുറത്തായ ശേഷം ഇന്ത്യ തകർച്ചയിലേക്ക് പോകുകയായിരുന്നു. 44 റൺസെടുത്ത ദിനേശ് കാർത്തിക്കും പുറത്തായതോടെ ഇന്ത്യ തോൽവി മുന്നിൽക്കണ്ടു. എന്നാൽ കുൽദീപിനെ കൂട്ടുപിടിച്ച് ജഡേജ കളി തുടർന്നതോടെ കളിയുടെ ഗതി വീണ്ടും മാറി.
അവസാന ഓവറിലെ രണ്ടാം പന്തിൽ റാഷിദിനെ ബൗണ്ടറി പായിച്ച് ജഡേജ വിജയപ്രതീക്ഷ സജീവമാക്കി. മൂന്നാം പന്തിൽ സിംഗിൾ എടുത്ത് ഖലീലിന് സട്രൈക്ക്. നാലാം പന്തിൽ ഖലീലിന്റെ സിംഗിൾ. ജഡേജ സ്ട്രൈക്കിൽ എത്തുമ്പോൾ ഇന്ത്യക്ക് മുന്നിൽ ജയിക്കാൻ ഒരു റൺസും രണ്ട് പന്തും. എന്നാൽ ആരാധകരെ ഞെട്ടിച്ച് ജഡേജ പുറത്താകുകയായിരുന്നു.