22 മത്സരങ്ങൾ പൂർത്തിയായപ്പോൾ റൺവേട്ടയിൽ മുന്നിൽ ഫിഞ്ച്, രോഹിത് തൊട്ടുപുറകെ; ബാറ്റിംഗ് ശരാശരിയിൽ രോഹിതിനെ വെല്ലാനാരുമില്ല
ലോകകപ്പിൽ 22 മത്സരങ്ങൾ പൂർത്തിയാപ്പോൾ ഓസ്ട്രേലിയൻ നായകൻ ആരോൺ ഫിഞ്ചാണ് റൺവേട്ടയിൽ മുന്നിൽ നിൽക്കുന്നത്. അഞ്ച് മത്സരങ്ങളിൽ നിന്നായി 343 റൺസാണ് ഫിഞ്ച് നേടിയത്. ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ തൊട്ടുപിന്നാലെയുണ്ട്. വെറും മൂന്ന് മത്സരങ്ങളിൽ നിന്നായി രോഹിത് 319 റൺസ് ഇതുവരെ സ്കോർ ചെയ്തു കഴിഞ്ഞു.
പാക്കിസ്ഥാനെതിരായ മത്സരത്തിലെ 140 റൺസ് പ്രകടനത്തോടെയാണ് രോഹിത് റൺ സമ്പാദ്യം 300ന് മുകളിൽ കയറിയത്. 2019 ലോകകപ്പ് ബാറ്റ്സ്മാൻമാരുടെ പറുദീസയാകുമെന്ന പ്രവചനം ഏതാണ്ട് ഫലിക്കുമെന്ന പ്രതീതിയാണ് ജനിപ്പിക്കുന്നത്.
281 റൺസെടുത്ത ഡേവിഡ് വാർണർ മൂന്നാം സ്ഥാനത്തും 279 റൺസുമായി ഇംഗ്ലണ്ടിന്റെ ജോ റൂട്ട് നാലാം സ്ഥാനത്തും നിൽക്കുന്നു. 260 റൺസുള്ള ബംഗ്ലാദേശിന്റെ ഷാക്കിബ് അൽ ഹസൻ അഞ്ചാം സ്ഥാനത്താണ്. 177 റൺസുള്ള ഇന്ത്യൻ നായകൻ കോഹ്ലി പട്ടികയിൽ 11ാം സ്ഥാനത്തുണ്ട്.
ബാറ്റിംഗ് ശരാശരിയിൽ രോഹിത് അതിദൂരം മുന്നിലാണ്. 159.50 ആണ് രോഹിതിന്റെ ബാറ്റിംഗ് ശരാശരി. രണ്ടാം സ്ഥാനത്തുള്ളത് കിവീസ് നായകൻ കെയ്ൻ വില്യംസണാണ്. 119 ആണ് അദ്ദേഹത്തിന്റെ ബാറ്റിംഗ് ശരാശരി. റൺവേട്ടയിൽ മുന്നിൽ നിൽക്കുന്ന ഫിഞ്ചിന്റെ ബാറ്റിംഗ് ആവറേജ് 68.60 ആണ്. പട്ടികയിൽ എട്ടാം സ്ഥാനത്താണ് ഫിഞ്ച്
ബൗളർമാരിൽ 13 വിക്കറ്റുകളുമായി പാക്കിസ്ഥാന്റെ മുഹമ്മദ് ആമിറാണ് മുന്നിൽ. 13 വിക്കറ്റുകളുള്ള മിച്ചൽ സ്റ്റാർക്ക് രണ്ടാം സ്ഥാനത്തും 11 വിക്കറ്റുള്ള പാറ്റ് കമ്മിൻസ് മൂന്നാം സ്ഥാനത്തുമാണ്. ജോഫ്രാ ആർച്ചർ 9 വിക്കറ്റുമായി നാലാം സ്ഥാനത്തുണ്ട്. ആദ്യ അഞ്ച് സ്ഥാനങ്ങളിലും ഇടം നേടാൻ ്സപിന്നർമാർക്ക് സാധിച്ചിട്ടില്ല. 15ാം സ്ഥാനത്തുള്ള ഭുവനേശ്വർ കുമാറാണ് ഇന്ത്യൻ ബൗളർമാരിൽ പട്ടികയിൽ മുന്നിലുള്ളത്.