മഴയുടെ കളി ലോകകപ്പിൽ തുടരും; ഏഴ് മത്സരങ്ങൾക്ക് കൂടി ഭീഷണി, ഇന്ത്യക്കും ആശങ്ക
2019 ക്രിക്കറ്റ് ലോകകപ്പിന്റെ ആദ്യ ഘട്ടം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ നാല് മത്സരങ്ങളാണ് മഴയെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നത്. ഇതിൽ മൂന്നെണ്ണം ഒരു പന്ത് പോലും എറിയാതെ തന്നെ ഉപേക്ഷിക്കേണ്ടി വന്നു. ഏറ്റവുമൊടുവിൽ ഇന്ത്യ-ന്യൂസിലാൻഡ് മത്സരം കൂടി മഴ എടുത്തതോടെ ആരാധകരും ആശങ്കയിലാണ്.
വരും ദിവസങ്ങളിലും ഇംഗ്ലണ്ടിൽ മഴക്കളി തുടരുമെന്നാണ് അറിയുന്നത്. ലോകകപ്പിലെ ഏഴ് മത്സരങ്ങൾക്ക് കൂടി മഴ ഭീഷണിയായി നിലനിൽക്കുന്നുണ്ട്. ഇതിൽ വെസ്റ്റ് ഇൻഡീസിന് മാത്രം നാല് കളികളുണ്ട്. ദക്ഷിണാഫ്രിക്കക്ക് മൂന്ന് കളികളും. ഇന്ത്യയുടെ ഒരു കളിക്കും മഴ ഭീഷണിയാണ്.
അതേസമയം ജൂൺ 16ന് നടക്കുന്ന ഇന്ത്യ-പാക് മത്സരത്തിന് മഴ വില്ലനായി എത്തില്ലെന്നാണ് അറിയുന്നത്. ജൂൺ 14ന് നടക്കുന്ന ഇംഗ്ലണ്ട്-വിൻഡീസ് മത്സരം, ജൂൺ 15ന് നടക്കുന്ന അഫ്ഗാൻ-ദക്ഷിണാഫ്രിക്ക മത്സരം, ജൂൺ 19ന് ന്യൂസിലാൻഡ്-ദക്ഷിണാഫ്രിക്ക മത്സരം, ജൂൺ 22ന് ന്യൂസിലാൻഡ്-വിൻഡീസ് മത്സരം, ജൂൺ 27ന് ഇന്ത്യ-വിൻഡീസ് മത്സരം, ജൂൺ 28ന് ദക്ഷിണാഫ്രിക്ക-ശ്രീലങ്ക മത്സരം ജൂലൈ 4ന് അഫ്ഗാൻ-വിൻഡീസ് മത്സരങ്ങൾക്കാണ് മഴ ഭീഷണിയായി നിൽക്കുന്നത്.