ഓസ്ട്രേലിയൻ വമ്പ് മുട്ടുകുത്തി; ആവേശപ്പോരിൽ ഇന്ത്യക്ക് 36 റൺസ് ജയം
ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം. ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ 36 റൺസിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 352 റൺസെടുത്തു. ഓസീസിന്റെ പോരാട്ടം 316 റൺസിലൊതുങ്ങി. അവസാന ഓവറിലെ അവസാന പന്തിൽ ഓസീസ് ഓൾ ഔട്ടാകുകയായിരുന്നു. അവസാന ഘട്ടത്തിൽ ഇന്ത്യയെ വിറപ്പിച്ച ശേഷമാണ് ഓസീസ് മുട്ടുകുത്തിയത്.
ഓസ്ട്രേലിയക്ക് വേണ്ടി ഡേവിഡ് വാർണർ, സ്മിത്ത് അലക്സ് കാറെ എന്നിവർ അർധ സെഞ്ച്വറികൾ നേടി. വാർണർ 56, സ്മിത്ത് 69 റൺസെടുത്തു പുറത്തായി. ഫിഞ്ച് 36 റൺസിനും ഖവാജ 42 റൺസിനും വീണു. ഗ്ലെൻ മാക്സ് വെൽ ഇന്ത്യക്ക് ഭീഷണി ഉയർത്തിയെങ്കിലും ബുമ്രയുടെ പന്തിൽ ജഡേജയുടെ തകർപ്പൻ ക്യാച്ചിൽ പുറത്താകുകയായിരുന്നു
മാക്സ് വെൽ പുറത്തായ ശേഷം ക്രീസിലെത്തിയ കാറെ തകർപ്പനടികൾ കാഴ്ച വെച്ചെങ്കിലും ഓസീസിനെ വിജയ തീരത്തേക്ക് എത്തിക്കാനായില്ല. കാറെ 35 പന്തിൽ 55 റൺസുമായി പുറത്താകാതെ നിന്നു. സാംപ ഒരു റൺസെടുത്തു.
ഇന്ത്യക്ക് വേണ്ടി ബുമ്രയും ഭുവനേശ്വർ കുമാറും 3 വീതം വിക്കറ്റുകൾ വീഴ്ത്തി. ചാഹൽ രണ്ട് വിക്കറ്റെടുത്തു.
നേരത്തെ നിശ്ചിത 50 ഓവറിൽ ഇന്ത്യ 5 വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി 352 റൺസാണ് അടിച്ചുകൂട്ടിയത്. ക്രീസിലിറങ്ങിയവരെല്ലാം തകർപ്പൻ പ്രകടനം കാഴ്ച വെച്ചതോടെയാണ് ഇന്ത്യ കൂറ്റൻ സ്കോറിലേക്ക് കുതിച്ചത്.
ബാറ്റിംഗ് തെരഞ്ഞെടുത്ത നായകന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമായിരുന്നു ഓപണർമാരുടേത്. ധവാനും രോഹിതും ചേർന്ന് ഒന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 127 റൺസാണ്. പതിഞ്ഞ രീതിയിലായിരുന്നു ഇരുവരും ബാറ്റിംഗ് ആരംഭിച്ചത്. പത്തോവർ പിന്നിട്ട ശേഷമാണ് രണ്ട് പേരും സ്കോറിംഗിന് വേഗത വർധിപ്പിക്കുന്നത്. സ്കോർ 127ൽ നിൽക്കെ 57 റൺസെടുത്ത രോഹിത് പുറത്തായി.
പിന്നാലെയെത്തിയ കോഹ്ലിയും ധവാനും ക്രീസിൽ ഉറച്ചതോടെ ഓസീസ് കടുത്ത പ്രതിസന്ധിയിലേക്ക് വീണു. ഇതിനിടെ ധവാൻ തന്റെ സെഞ്ച്വറിയും പിന്നിട്ടു. 109 പന്തിൽ 16 ഫോറുകൾ സഹിതം 117 റൺസെടുത്ത ധവാൻ സ്കോർ 220ൽ നിൽക്കെയാണ് പുറത്താകുന്നത്.
നാലാമനായി രാഹുലിനെ പ്രതീക്ഷിച്ചെങ്കിലും ക്രീസിലെത്തിയത് ഹാര്‍ദിക്. ഇന്ത്യയുടെ ഈ നീക്കവും വിജയം കണ്ടു. 27 പന്തുകളില്‍ 3 സിക്സും നാല് ഫോറും സഹിതം അതിവേഗം 48 റണ്‍സുമെടുത്താണ് ഹാര്‍ദിക് പുറത്താകുന്നത്. അപ്പോഴേക്കും ഇന്ത്യ സ്കോര്‍ 300 കടന്നിരുന്നു. പിന്നീടെത്തിയ ധോണി ഹാര്‍ദിക് നിര്‍ത്തിയിടത്ത് നിന്ന് തുടങ്ങുകയായിരുന്നു. അവസാന ഓവറിലെ ആദ്യ പന്തില്‍ പുറത്താകുമ്പോള്‍ ധോണി 14 പന്തില്‍ ഒരു സിക്സും 3 ഫോറും സഹിതം 27 റണ്‍സെടുത്തിരുന്നു
അവസാന ഓവറിലെ അഞ്ചാം പന്തില്‍ കോഹ്ലിയും വീണു. 77 പന്തില്‍ നാല് ഫോറും രണ്ട് സിക്സും സഹിതം 82 റണ്‍സാണ് ഇന്ത്യന്‍ നായകന് എടുത്തത്. മത്സരം അവസാനിക്കുമ്പോള്‍ 3 പന്തില്‍ ഒരു സിക്സും ഫോറും സഹിതം 11 റണ്‍സുമായി രാഹുലും കേദാര്‍ ജാദവും പുറത്താകാതെ നിന്നു