ഇംഗ്ലീഷ് ബൗളർമാർക്ക് മുന്നിൽ മുട്ടുവിറച്ച് ഇന്ത്യ; കോഹ്ലിക്ക് അർധ സെഞ്ച്വറി
നിർണായകമായ മൂന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് താരതമ്യേന ഭേദപ്പെട്ട സ്കോർ. നിശ്ചിത 50 ഓവറിൽ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 256 റൺസ് എടുത്തു. ഇന്ത്യൻ ഇന്നിംഗ്സിൽ ഒരേയൊരു അർധ സെഞ്ച്വറി മാത്രമാണ് പിറന്നത്. നായകൻ വിരാട് കോഹ്ലി 71 റൺസ് എടുത്ത് പുറത്തായി
ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇഴഞ്ഞാണ് ഇന്ത്യ തുടങ്ങിയത്. ആദ്യ ഓവറിൽ ഒരു റൺസ് പോലും സ്കോർ ചെയ്തില്ല. രണ്ടാം ഓവറിൽ ഒരു റൺസ്. 5.4 ഓവറിൽ 13 റൺസ് എടുത്ത് നിൽക്കെ ഇന്ത്യക്ക് ആദ്യ പ്രഹരമേറ്റു. 18 പന്തിൽ നിന്നും 2 റൺസുമായി രോഹിത് ശർമ മടങ്ങി.
രോഹിതിന് പിന്നാലെ ക്രീസിൽ ഒരുമിച്ച കോഹ്ലിയും ധവാനും ചേർന്ന് ഇന്ത്യയെ രക്ഷപ്പെടുത്തുമെന്ന് തോന്നലുണ്ടാക്കിയപ്പോഴേക്കും ധവാൻ വീണുയ 17.4 ഓവറിൽ 84 റൺസ് എടുത്തു നിൽക്കെ 44 റൺസുമായി ധവാൻ മടങ്ങി. 49 പന്തിൽ ഏഴ് ഫോറുകൾ സഹിതമാണ് ധവാൻ 44 റൺസ് എടുത്തത്.
കെ എൽ രാഹുലിന് പകരം ടീമിലെത്തിയ ദിനേശ് കാർത്തിക് 22 പന്തിൽ 21 റൺസുമായി മടങ്ങി. സ്കോർ 158ൽ നിൽക്കെ 71 റൺസുമായി കോഹ്ലിയും പുറത്തായി. 72 പന്തിൽ 8 ബൗണ്ടറികൾ സഹിതമാണ് കോഹ്ലി 71 റൺസ് എടുത്തത്. സുരേഷ് റെയ്ന ഒരു റൺസെടുത്ത് പുറത്തായി.
കോഹ്ലിയും റെയ്നയും ഔട്ടായതിന് പിന്നാലെ ധോണിയും ഹാർദിക് പാണ്ഡ്യയും ചേർന്ന് സ്കോർ മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു. ഒരു ഘട്ടത്തിലും റൺ റേറ്റ് ആറിന് അടുത്തെത്തിക്കാൻ ഇന്ത്യക്ക് സാധിച്ചില്ല. പാണ്ഡ്യ 21 റൺസുമായി മടങ്ങി. 194 റൺസിന് ആറ് വിക്കറ്റ് എന്ന നിലയിലായിരുന്നു ഇന്ത്യ ഇപ്പോൾ
ഭുവനേശ്വർ കുമാറിനൊപ്പം ചേർന്ന് ധോണി സ്കോർ 221 വരെ എത്തിച്ചു. 66 പന്തിൽ 42 റൺസാണ് ധോണി നേടിയത്. ധോണി പുറത്തായതിന് ശേഷം ക്രീസിൽ ഒന്നിച്ച താക്കൂറും ഭുവനേശ്വറും ചേർന്നാണ് സ്കോർ 250 കടത്തിയത്. ഇന്ത്യൻ ഇന്നിംഗ്സിലെ ആകെയുണ്ടായ രണ്ട് സിക്സറുകളും നേടിയത് ഷാർദൂൽ താക്കൂറാണ്.
ധോണി പുറത്തായതിന് പിന്നാലെ അവസാന നാല് ഓവറുകളിലായി ഭുവനേശ്വറും താക്കൂറും ചേർന്ന് നേടിയത് 34 റൺസാണ്. ഇതാണ് ഇന്ത്യക്ക് പൊരുതാവുന്ന സ്കോർ നേടി കൊടുത്തത്. ഷാർദൂർ 13 പന്തിൽ രണ്ട് സിക്സ് സഹിതം 22 റൺസുമായി പുറത്താകാതെ നി്ന്നു. ഭുവനേശ്വർ കുമാർ 21 റൺസെടുത്ത് അവസാന പന്തിൽ പുറത്താകുകയായിരുന്നു
3 വിക്കറ്റെടുത്ത ആദിൽ റാഷിദാണ് ഇന്ത്യയെ തകർത്തത്. ഡേവിഡ് വില്ലി 2 വിക്കറ്റെടുത്തപ്പോൾ വുഡ് ഒരു വിക്കറ്റും സ്വന്തമാക്കി