വിജയം ആവർത്തിക്കാനാകാതെ ഇന്ത്യ; രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് മുന്നിൽ മുട്ടുകുത്തി
നിർണായകമായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് തകർപ്പൻ ജയം. ഇന്ത്യയെ 86 റൺസിനാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. 323 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 236 റൺസിന് എല്ലാവരും പുറത്തായി. ആദ്യ ഏകദിനത്തിൽ ഇന്ത്യ വിജയിച്ചിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയിലായി
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് 7 വിക്കറ്റ് നഷ്ടത്തിലാണ് 322 റൺസ് അടിച്ചുകൂട്ടിയത്. 113 റൺസെടുത്ത ജോ റൂട്ടിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ഇയാൻ മോർഗൻ 53 റൺസും വില്ലി 50 റൺസുമെടുത്തു
നല്ല തുടക്കം ലഭിച്ചിട്ടും വിജയത്തിലേക്ക് സഞ്ചരിക്കാൻ ഇന്ത്യക്ക് സാധിച്ചില്ല. 46 റൺസെടുത്ത സുരേഷ് റെയ്നയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ധവാൻ 36 ഉം നായകൻ വിരാട് കോഹ്ലി 45ഉം റൺസെടുത്തു. ഒരിക്കൽ പോലും റൺ റേറ്റ് ആറിന് മുകളിൽ ഉയർത്താൻ ഇന്ത്യക്ക് സാധിച്ചില്ല.
മഹേന്ദ്രസിംഗ് ധോണി 37 റൺസെടുത്തു. ഹാർദിക് പാണ്ഡ്യ 21ഉം ചാഹൽ 12ഉം റൺസെടുത്തു. ഇംഗ്ലണ്ടിന് വേണ്ടി പ്ലങ്കറ്റ് നാല് വിക്കറ്റുകളും വില്ലി, റാഷിദ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വുഡ്, മൊയിൻ അലി ഓരോ വിക്കറ്റുകളും നേടി.