മൂന്നാം ട്വന്റി 20യിൽ ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ; ഇന്ത്യ തിരിച്ചടി തുടങ്ങി
ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ട്വന്റി 20യിൽ ഇന്ത്യക്ക് കൂറ്റൻ വിജയലക്ഷ്യം. 199 റൺസാണ് ഇന്ത്യക്ക് 20 ഓവറിൽ ജയിക്കാനായി വേണ്ടത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 9 വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് നേടുകയായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ആദ്യ ഓവർ അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 11 റൺസ് എടുത്തിട്ടുണ്ട്.
രണ്ട് ടീമുകളും ഓരോ മത്സരം വീതം ജയിച്ചു നിൽക്കുന്നതിനാൽ ഇന്നത്തെ മത്സരം നിർണായകമാണ്. ഇന്ന് ജയിച്ചാൽ പരമ്പര സ്വന്തമാക്കാമെന്നതിനാൽ തിരിച്ചടിക്കാനൊരുങ്ങുകയാണ് ഇന്ത്യ. ടോസ് നേടിയ കോഹ്ലി ഇംഗ്ലണ്ടിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. തുടക്കം മുതലെ ഇംഗ്ലണ്ട് ആക്രമിച്ച് കളിക്കുകയും ചെയ്തു
37 പന്തിൽ ഏഴ് സിക്സും നാല് ഫോറും സഹിതം 67 റൺസെടുത്ത ജേസൺ റോയിയാണ് ഇംഗ്ലണ്ടിന്റെ ടോപ്സ്കോറർ. ബട്ലർ 21 പന്തിൽ 34 റൺസെടുത്തു. ഹെയ്ൽസ് 30, ബെയ്ര്സ്റ്റോ 25ഉം റൺസെടുത്തു. 5 177 എന്ന നിലയിൽ നിന്ന ഇംഗ്ലണ്ടിനെ അവസാന ഓവറുകളിൽ ഇന്ത്യൻ ബൗളർമാർ പിടിച്ചുകെട്ടുകയായിരുന്നു.
ഇന്ത്യക്ക് വേണ്ടി ഹാർദിക് പാണ്ഡ്യ 4 വിക്കറ്റെടുത്തു. സിദ്ധാർഥ് കൗൾ 2 വിക്കറ്റ് വീഴ്ത്തിയപ്പോൾ ചാഹർ, ഉമേഷ് യാദവ് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.