നാണംകെട്ട് ടീം ഇന്ത്യ, പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്, റൂട്ടിന് തുടർച്ചയായ രണ്ടാം മത്സരത്തിലും ശതകം
ഇന്ത്യക്കെതിരെയുള്ള ഏകദിന പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്. ഇന്ന് ഹെഡിംഗ്ലിയിൽ നടന്ന മൂന്നാം ഏകദിനത്തിൽ ഇംഗ്ലണ്ട് ഇന്ത്യക്കെതിരെ 8 വിക്കറ്റ് ജയം സ്വന്തമാക്കിയത്. ഓയിൻ മോർഗൻ-ജോ റൂട്ട് കൂട്ടുകെട്ട് നേടിയ 186 റൺസ് അപരാജിത കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ ഇന്നിംഗ്സ് 256/8 എന്ന സ്കോറിൽ അവസാനിക്കുകയായിരുന്നു.
ജോണി ബൈര്‍സ്റ്റോ വെടിക്കെട്ട് തുടക്കത്തിനു ശേഷവും ജെയിംസ് വിൻസ് 27 റൺസും നേടി മടങ്ങിയെങ്കിലും ഇന്ത്യൻ ബൗളർമാരുടെ വെല്ലുവിളിയെ ഏറ്റെടുത്ത് ഇംഗ്ലണ്ടിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ടീമിനെ മികച്ച ജയത്തിലേക്ക് നയിച്ചത്. ബൈര്‍സ്റ്റോ 13 പന്തിൽ 30 റൺസ് നേടി ശർദ്ധുൽ താക്കൂറിനു വിക്കറ്റ് നൽകി മടങ്ങിയപ്പോൾ ജെയിംസ് വിൻസ് റണ്ണൗട്ടായാണ് പുറത്തായത്.
10ാം ഓവറിൽ ക്രീസിലെത്തിയ റൂട്ട്-മോർഗൻ കൂട്ടുകെട്ട് പിന്നീട് മത്സരം ഇംഗ്ലണ്ട് പക്ഷത്തേക്ക് മാറ്റുകയായിരുന്നു. 33 പന്തുകൾ ശേഷിക്കെയാണ് ഇംഗ്ലണ്ടിന്റെ 8 വിക്കറ്റ് ജയം. ജോ റൂട്ട് 100 റൺസ് നേടിയപ്പോൾ ഇംഗ്ലണ്ട് നായകൻ ഓയിൻ മോർഗൻ 88 റൺസ് സംഭാവന ചെയ്തു.
വിരാട് കോഹ്ലിയ്ക്ക് കീഴിൽ ഇന്ത്യ ആദ്യമായാണൊരു ഇരു രാജ്യങ്ങൾ തമ്മിലുള്ള പരമ്പര കൈവിടുന്നത്. ഇന്ത്യ ഇതിനു മുമ്പ് ജനുവരി 2016ൽ 1-4നു ഓസ്ട്രേലിയയോട് പരമ്പര കൈവിട്ടതാണ് മുമ്പുള്ള തോൽവി. ഏകദേശം 30 മാസത്തോളം കഴിഞ്ഞാണിപ്പോൾ ഇന്ത്യയൊരു പരമ്പരയിൽ പരാജയം അറിയുന്നത്.