നിർണായക മത്സരത്തിൽ ഡൽഹിക്ക് കാലിടറി; മുംബൈയെ കലാശപ്പോരിൽ ചെന്നെ നേരിടും
ഐപിഎൽ ഫൈനലിൽ മുംബൈ ഇന്ത്യൻസ്-ചെന്നൈ സൂപ്പർ കിംഗ്സ് പോരാട്ടം. രണ്ടാം എലിമിനേറ്റർ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ചെന്നൈ വീണ്ടുമൊരു കലാശപ്പോരിന് ഒരുങ്ങുന്നത്. ഏറ്റവും മികച്ച പോരാട്ടം ഈ സീസണിൽ കാഴ്ചവെക്കാനായി എന്ന ആശ്വാസത്തോടുകൂടിയാണ് ഡൽഹി മടങ്ങുന്നത്.
ആദ്യം ബാറ്റ് ചെയ്ത ഡൽഹി 9 വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തു. 38 റൺസെടുത്ത റിഷഭ് പന്താണ് ഡൽഹിയുടെ ടോപ് സ്കോറർ. മൺറോ 27, ധവാൻ 18 റൺസെടുത്തു. മറ്റാർക്കും ഡൽഹി നിരയിൽ തിളങ്ങാനായില്ല. ചെന്നൈക്ക് വേണ്ടി ചാഹർ, ഹർഭജൻ, ജഡേജ, ബ്രാവോ എന്നിവർ രണ്ട് വീതവും ഇമ്രാൻ താഹിർ ഒരു വിക്കറ്റും സ്വന്തമാക്കി
സ്വപ്നതുല്യമായ തുടക്കമായിരുന്നു ചെന്നൈയുടേത്. രണ്ട് ഓപണർമാരും 50 തികച്ച ശേഷമാണ് പുറത്തായത്. ഡുപ്ലെസിസ് 39 പന്തിൽ 50, വാട്സൺ 32 പന്തിൽ 50 റൺസെടുത്തു. റെയ്ന 11, ധോണി 9 റൺസെടുത്ത് വേഗം പുറത്തായെങ്കിലും 20 റൺസുമായി ക്രീസിൽ നിന്ന അമ്പട്ടി റായിഡു വിജയം പൂർത്തിയാക്കുകയായിരുന്നു.