അരങ്ങേറ്റ മത്സരം ഉറപ്പിച്ചു; യുവന്റസിൽ റൊണാൾഡോ ആദ്യമിറങ്ങുക ഈ ടീമിനെതിരെ
ഒമ്പത് വർഷത്തെ റയൽ മാഡ്രിഡ് ജീവിത്തിന് ശേഷം യുവന്റസിലേക്ക് ചേക്കേറിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആദ്യ മത്സരം തീരുമാനിച്ചു. ഇറ്റാലിയൻ ഫുട്ബോൾ ലീഗായ സീരി എയുടെ മത്സര ഷെഡ്യൂളുകൾ പുറത്തുവന്നതോടെയാണ് യുവന്റിനായുള്ള റോണോയുടെ അരങ്ങേറ്റ മത്സരം വ്യക്തമായത്
ചീവോയ്ക്കെതിരെയാണ് ക്രിസ്റ്റിയാനോ യുവന്റസ് കുപ്പായത്തിൽ ആദ്യമിറങ്ങുക. വെറോണയിൽ വെച്ചാണ് മത്സരം. യുവന്റസിന്റെ ഹോം ഗ്രൗണ്ടായ ടൂറിനിൽ റൊണാൾഡോയുടെ ആദ്യ മത്സരം ലാസിയോക്കെതിരെയാണ്.
റയലിൽ റൊണാൾഡോ കാഴ്ചവെച്ച പ്രകടനം യുവന്റസിലും ആവർത്തിക്കുമെന്ന് യുവന്റസ് പരിശീലകൻ മസിമിലിയാനോ അല്ലെഗ്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലാ ലീഗയിൽ എങ്ങനെ ഗോളടിച്ച് റയലിനെ ജയിപ്പിക്കുമോ അതേ പോലെ തന്നെ യുവന്റിനെയും റോണോ ജയിപ്പിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. യുവന്റസിനെ ചാമ്പ്യൻസ് ലീഗ് കിരീട ജേതാക്കളാക്കുക എന്നതാണ് ക്രിസ്റ്റ്യാനോയുടെ ലക്ഷ്യം.