കോഹ്ലിയുടെ ഒന്നാം റാങ്ക് നഷ്ടപ്പെട്ടു; കുംബ്ലെയെ തിരിച്ചുവിളിക്കണമെന്ന് ആരാധകർ
ലോർഡ്സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ദയനീയമായാണ് ഇന്ത്യൻ ടീം പരാജയപ്പെട്ടത്. ഒന്നു പൊരുതി നോക്കാൻ പോലും സാധിക്കാതെ ടീം ഇന്ത്യ തകർന്നടിഞ്ഞതാണ് കണ്ടത്. മുൻ താരങ്ങളും ആരാധകരും അതിരൂക്ഷ ഭാഷയിലാണ് ടീമിന്റെ പ്രകടനത്തെ വിമർശിക്കുന്നത്. ഇതിനിടയിൽ നാണക്കേടിന്റെ ശക്തി കൂട്ടി ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ ഒന്നാം റാങ്കും നഷ്ടപ്പെട്ടു.
രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നതിന് മുമ്പ് വരെ വിരാട് കോഹ്ലിയായിരുന്നു ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമത്. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന സ്റ്റീവ് സ്മിത്ത് ഒന്നാം റാങ്ക് തിരികെ പിടിക്കുകയായിരുന്നു. സ്മിത്തിന് നിലവില്ഡ 929 പോയിന്റുണ്ട്. കോഹ്ലി 15 പോയിന്റ് നഷ്ടപ്പെട്ട് 919ലെത്തി. ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് മൂന്നാം സ്ഥാനത്ത് നിൽക്കുന്നു
രണ്ടാം ടെസ്റ്റിലും തോൽവി വഴങ്ങിയതോടെ സോഷ്യൽ മീഡിയയിലും ഇന്ത്യൻ ടീമിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. ടീം പരിശീലകൻ രവി ശാസ്ത്രിക്കെതിരെയാണ് കൂടുതൽ വിമർശനങ്ങളും. ശാസ്ത്രിയെ പരിശീലക സ്ഥാനത്ത് നിന്നും നീക്കി കുംബ്ലെയെ തിരികെ കൊണ്ടുവരണമെന്നാണ് ആരാധകരുടെ ആവശ്യം. കോഹ്ലിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് കുംബ്ലെ രാജിവെച്ചത്. കുംബ്ലെയുടെ പരിശീലനത്തിൽ മികച്ച പ്രകടനാണ് ഇന്ത്യ കാഴ്ച വെച്ചിരുന്നത്
ശാസ്ത്രി കാറ്റുനിറച്ച ബലൂൺ മാത്രമാണെന്ന് ആരാധകർ പറയുന്നു. ഗ്രെഗ് ചാപ്പലിനേക്കാൾ കഷ്ടമാണ് ശാസ്ത്രിയുടെ കാര്യം. ഇന്ത്യൻ ക്രിക്കറ്റിനെ തളർത്താനെ ശാസ്ത്രിയെ കൊണ്ട് സാധിക്കുകയുള്ളുവെന്നും ആരാധകർ മുന്നറിയിപ്പ് നൽകുന്നു. ദക്ഷിണാഫ്രിക്കയിൽ നടന്ന ടെസ്റ്റ് പരമ്പരയിലും ഇന്ത്യ 2-1ന് തോറ്റിരുന്നു.