ഞാൻ അപമാനിക്കപ്പെട്ടു, അവരുടെ അധികാരം എനിക്കെതിരായി അവരുപയോഗിച്ചു: രമേശ് പവാറിനും ഡയാനക്കുമെതിരെ ആഞ്ഞടിച്ച് മിതാലി
വനിതാ ടി20 ലോകകപ്പ് സെമിഫൈനൽ മത്സരത്തിൽ നിന്ന് തന്നെ ഒഴിവാക്കിയ സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി മിതാലി രാജ്. വനിതാ ടീമിന്റെ തലപ്പത്ത് ഇരിക്കുന്നവർ തന്റെ കരിയർ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് മിതാലി ആരോപിച്ചു. ടീം പരിശീലകൻ രമേശ് പവാർ, ഭരണസമിതി അംഗം ഡയാന എഡുൽജി എന്നിവർക്കെതിരെയാണ് മിതാലിയുടെ ആരോപണം
ഡയാന അധികാരമുപയോഗിച്ച് തനിക്കെതിരെ പ്രവർത്തിക്കുകയാണ്. ഇരുപത് വർഷത്തെ കരിയറിൽ ആദ്യമായാണ് ഇത്തരമൊരു അവസ്ഥയിൽ കടന്നുപോകുന്നത്. അധികാരത്തിലിരിക്കുന്ന ചില വ്യക്തികൾ ഒരു വിലയും നൽകുന്നില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു. രാജ്യത്തിന് വേണ്ടി ഞാൻ നേടിയതെല്ലാം അവർ വിലകുറച്ച് കാണുകയാണ്. എന്നെ ഇല്ലാതാക്കാനആണ് അവരുടെ ശ്രമമെന്ന് ബിസിസിഐക്കും ക്രിക്കറ്റ് ഓപറേഷൻ ജിഎം സാബാ കരീമിനും എഴുതിയ കത്തിൽ മിതാലി പറയുന്നു.
ഹർമൻപ്രീതുമായി യാതൊരു പ്രശ്നവുമില്ല. പക്ഷേ ടീമിൽ നിന്നൊഴിവാക്കിയ രമേശ് പവാറിന്റെ തീരുമാനത്തെ ഹർമൻപ്രീത് പിന്തുണച്ചത് എന്ന വേദനിപ്പിച്ചു. എന്റെ രാജ്യത്തിന് വേണ്ടി എനിക്ക് ലോകകപ്പ് ജയിക്കണമായിരുന്നു. പക്ഷേ സെമിയിൽ തോറ്റത് ഏറെ വേദനിപ്പിച്ചു. ഡയാന ഒരിക്കലും അവരുടെ അധികാരം എനിക്കെതിരെ പ്രയോഗിക്കുമെന്ന് കരുതിയില്ല. എന്നെ പുറത്താക്കിയതിന് പിന്നിൽ പ്രവർത്തിച്ചത് അവരാണ്. രമേശ് പവാർ പല സമയങ്ങളിലായി എന്നെ അവഗണിച്ചിട്ടുണ്ട്. സംസാരിക്കാൻ പോയാൽ പോലും അയാൾ അവഗണിക്കും. ഞാൻ അപമാനിക്കപ്പെടുന്ന കാര്യം ടീമിൽ എല്ലാവർക്കും അറിയാമായിരുന്നുവെന്നും മിതാലി കത്തിൽ പറയുന്നു