ആദ്യ മത്സരത്തിൽ തന്നെ ഹാട്രിക്; ലോകകപ്പിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി ഷമി
അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ തോൽവി ഉറപ്പിച്ച സമയത്താണ് അവസാന ഓവറിൽ ഷമി പന്തെറിയാനെത്തുന്നത്. ആദ്യ ബോളിൽ തന്നെ ബൗണ്ടറി പറത്തിയ മുഹമ്മദ് നബി തോൽക്കാനുള്ള ഭാവമില്ലെന്ന് വ്യക്തമാക്കി. എന്നാൽ ഷമിയുടെ വീര്യം കാണാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു. അടുത്ത പന്തിൽ സ്ട്രൈക്ക് ചെയ്തെങ്കിലും നബി സിംഗിൾ എടുത്തില്ല. പിന്നീടങ്ങോട്ടുള്ള മൂന്ന് പന്തുകളിൽ മൂന്ന് വിക്കറ്റുകൾ പിഴുത് ഷമി ഹാട്രികും ഇന്ത്യൻ വിജയവും ഉറപ്പിച്ചു
ലോകകപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ രണ്ടാമത്തെ ഹാട്രിക് പ്രകടനമാണിത്. 2019 ലോകകപ്പിലെ ആദ്യത്തെ ഹാട്രിക്കും. 1987ൽ ന്യൂസിലാൻഡിനെതിരെ ചേതൻ ശർമയാണ് ഇന്ത്യക്ക് വേണ്ടി ലോകകപ്പിൽ ആദ്യം ഹാട്രിക് നേടിയ താരം
ഭുവനേശ്വർ കുമാറിന് പരുക്കേറ്റത് കൊണ്ട് മാത്രം ടീമിലെത്തിയതാണ് മുഹമ്മദ് ഷമി. കിട്ടിയ അവസരം ഷമി ശരിക്കും വിനിയോഗിച്ചു. അഫ്ഗാന്റെ ആദ്യ വിക്കറ്റും അവസാന വിക്കറ്റും പിഴുതത് ഷമിയായിരുന്നു.