നിങ്ങൾക്ക് എന്തും പറയാം, ഞങ്ങൾ പക്ഷേ മഹിക്കൊപ്പമാണ്; ധോണിക്ക് പിന്തുണയുമായി കോഹ്ലി
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലെ പരാജയത്തിന് പിന്നാലെ മഹേന്ദ്ര സിംഗ് ധോണിക്കെതിരായ വിമർശനങ്ങളെ ചെറുത്ത് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. മികച്ച ഫോമിൽ കളിക്കുമ്പോൾ ധോണിയെ പുകഴ്ത്തുന്നതും മോശം ഇന്നിംഗ്സ് കളിക്കുമ്പോൾ ഭീകരമായി വേട്ടയാടുകയും ചെയ്യുന്നത് നിർഭാഗ്യകരമാണെന്ന് കോഹ്ലി തുറന്നടിച്ചു
രണ്ടാം ഏകദിനത്തിൽ ധോണി ഏകദിനത്തിൽ പതിനായിരം റൺസ് തികച്ചിരുന്നു. ഈ ചരിത്ര നേട്ടത്തിനിടയിലും വിമർശനങ്ങളുടെ കൂരമ്പുകളേറ്റ് വാങ്ങാനായിരുന്നു ധോണിയുടെ വിധി. മത്സരത്തിൽ ധോണിയുടെ മെല്ലപ്പോക്കാണ് ഇന്ത്യയെ തോൽപ്പിച്ചതെന്ന് ആരാധകർ കുറ്റപ്പെടുത്തുന്നു. 59 പന്തുകളിൽ നിന്ന് 37 റൺസാണ് ധോണി നേടിയത്.
കൂറ്റൻ സ്കോർ പിന്തുടർന്ന ഇന്ത്യക്ക് തകർപ്പനടികൾ വേണ്ട സമയത്തും ധോണി ഇഴഞ്ഞുനീങ്ങുകയായിരുന്നു. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. എന്നാൽ ആരൊക്കെ വിമർശിച്ചാലും ധോണിക്കൊപ്പമാണ് തങ്ങളെന്ന് വ്യക്തമാക്കുകയാണ് വിരാട് കോഹ്ലി
എല്ലാ മത്സരങ്ങളും വിജയിക്കാനാകില്ല. തോൽവിയിൽ ഒരാളെ മാത്രം കുറ്റപ്പെടുത്തരുത്. നിങ്ങൾക്ക് വേണമെങ്കിൽ ധോണിയെ വിമർശിക്കാം. പക്ഷേ ഞങ്ങൾ അദ്ദേഹത്തിനൊപ്പമാണ്. കോഹ്ലി പറഞ്ഞു