വിവിയൻ റിച്ചാർഡ്‌സിനെയും മറികടന്ന് രോഹിത് ശർമ; തോൽവിക്കിടയിലും തിളങ്ങി ഇന്ത്യൻ മാണിക്യം

  • 727
    Shares

സിഡ്‌നി ഏകദിനത്തിൽ ഒരേയൊരു താരത്തിലായിരുന്നു ഇന്ത്യയുടെ ജയപ്രതീക്ഷകൾ. നാലോവറാകുമ്പോഴേക്കും മൂന്ന് വിക്കറ്റുകൾ വീണ് പതറിയ ഇന്ത്യയെ ഒറ്റയ്ക്ക് ഏറ്റെടുത്ത് നയിക്കുകയായിരുന്നു രോഹിത് ശർമ. 45.4 ഓവറിൽ ഏഴാമനായി രോഹിത് മടങ്ങിയപ്പോൾ തന്നെ ഇന്ത്യയുടെ തോൽവി ഉറപ്പിച്ചിരുന്നു. ബാക്കി നടന്നത് വെറും ചടങ്ങുകൾ മാത്രമായിരുന്നു.

കൂട്ടത്തകർച്ച എന്ന ആശങ്കയിൽ നിന്നാണ് ഇന്ത്യ ഉയർന്നുവന്നത്. ആദ്യ പത്തോവറിൽ വെറും 20 റൺസ് മാത്രമാണ് പിറന്നത്. രോഹിത് അവിടെ നിന്നാണ് ആരംഭിച്ചത്. 129 പന്തിൽ 10 ഫോറും ആറ് പടുകൂറ്റൻ സിക്‌സറുകളുമടക്കം 133 റൺസുമായി താരം പുറത്തായപ്പോൾ അസ്തമിച്ചത് ഇന്ത്യൻ പ്രതീക്ഷകൾ കൂടിയായിരുന്നു. അപ്പോഴും പൊരുതിയാണ് തോറ്റതെന്ന ആശ്വാസമായിരുന്നു ആരാധകർക്ക്

ഓസ്‌ട്രേലിയക്കെതിരെ രോഹിതിന്റെ ഏഴാം സെഞ്ച്വറിയാണ് സിഡ്‌നിയിൽ കുറിച്ചത്. കരിയറിലെ 22ാം സെഞ്ച്വറിയും. ഓസീസ് മണ്ണിൽ ഓസ്‌ട്രേലിയക്കെതിരെ നാലാമത്തെ സെഞ്ച്വറിയാണ് രോഹിത് നേടിയത്. ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സിനെയാണ് രോഹിത് മറികടന്നത്. റിച്ചാർഡ്‌സിന് ഓസ്‌ട്രേലിയയിൽ മൂന്ന് സെഞ്ച്വറികളാണുള്ളത്.

ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരങ്ങളിൽ എട്ടാം സ്ഥാനത്താണ് രോഹിത്. ഇന്ത്യൻ താരങ്ങളിൽ മൂന്നാമനും. 22 സെഞ്ച്വറികളുമായി സൗരവ് ഗാംഗുലി, ലങ്കൻ താരം ദിൽഷൻ എന്നിവർക്കൊപ്പമാണ് രോഹിത് എട്ടാം സ്ഥാനം പങ്കിടുന്നത്.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *