ബ്രസീലിന്റെ ഇതിഹാസ താരം റൊണാൾഡോ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ
ബ്രസീലിയൻ ഇതിഹാസ താരം റൊണാൾഡോ ആശുപത്രിയിൽ. ന്യൂമോണിയ ബാധയെ തുടർന്ന് സ്പാനിഷ് ദ്വീപായ ഇബീസയിലെ ആശുപത്രിയിലാണ് റൊണാൾഡോയെ പ്രവേശിപ്പിച്ചിരിക്കുന്നത്. അത്യാഹിത വിഭാഗത്തിലാണ് റൊണാൾഡോ ഇപ്പോൾ.
ചികിത്സ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല. താരത്തിന്റെ സ്വകാര്യതയെ മാനിച്ചാണ് വിവരങ്ങൾ പുറത്തുവിടാത്തത്. അവധിക്കാലം ആഘോഷിക്കാനായി അടുത്തിടെയാണ് 41കാരനായ റൊണാൾഡോ ഇബീസയിൽ എത്തിയത്.
റയൽ മാഡ്രിഡിന്റെ മുൻ താരമായിരുന്നു റൊണാൾഡോ. 2002ൽ ബ്രസീലിനായി ലോകകപ്പ് നേടി കൊടുക്കാനും 1998ൽ ഫൈനലിൽ എത്തിക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. 2002 ലോകകപ്പിലെ സുവർണ പാദുകം സ്വന്തമാക്കിയത് റൊണാൾഡോയാണ്. രണ്ട് തവണ ബാലൻ ഡി ഓറും നേടിയിട്ടുണ്ട്.