റഷ്യൻ മണ്ണിൽ ഫ്രഞ്ച് വിപ്ലവം: ക്രൊയേഷ്യയെ തകർത്ത് ഫ്രാൻസ് ലോകചാമ്പ്യൻമാർ

  • 169
    Shares

ലോകത്തെ ഒരു തുകൽപ്പന്തിലേക്ക് ചുരുക്കിയ മാമാങ്കത്തിന് ഒടുവിൽ തിരശ്ശീല വീണു. റഷ്യയിലെ ലുഷ്‌നിക്ക സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ കലാശപ്പോരാട്ടത്തിനൊടുവിൽ ക്രൊയേഷ്യയെ കീഴടക്കി ഫ്രാൻസ് ലോക കിരീടത്തിൽ മുത്തമിട്ടു. ഇനി അടുത്ത നാല് വർഷത്തേക്ക് ഫ്രാൻസ് ലോക ഫുട്‌ബോളിലെ രാജാക്കൻമാർ. ഫൈനലിൽ ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഫ്രാൻസ് കീഴടക്കിയത്. ഫ്രാന്‍സിന്റെ രണ്ടാം ലോക കിരീടമാണിത്. 1998ലാണ് ഫ്രാന്‍സ് തങ്ങളുടെ ആദ്യ ലോകകപ്പ് സ്വന്തമാക്കിയത്

ആദ്യ പകുതി അവസാനിക്കുമ്പോൾ ഫ്രാൻസ് 2-1ന് മുന്നിലായിരുന്നു. ക്രൊയേഷ്യയുടെ സെൽഫ് ഗോളിലൂടെയാണ് ഫ്രാൻസ് മുന്നിലെത്തിയത്. പിന്നാലെ ക്രൊയേഷ്യ സമനില പിടിച്ചു. മത്സരത്തിന്റെ 34ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ ഫ്രാൻസ് ലീഡ് സ്വന്തമാക്കുകയായിരുന്നു.

ക്രൊയേഷ്യയുടെ ആക്രമണത്തോടെയാണ് ഫൈനൽ മത്സരത്തിന് തുടക്കമായത്. പതിനഞ്ചാം മിനിറ്റിൽ പെരിസിച്ചിന്റെ തകർപ്പൻ ഷോട്ട് ഉംറ്റിറ്റി തട്ടിയകറ്റി. പതിനേഴാം മിനിറ്റിലാണ് ഫ്രാൻസിന് ക്രൊയേഷ്യൻ ബോക്‌സിലേക്ക് പ്രവേശിക്കാനാകുന്നത്. കൂട്ടായ ആക്രമത്തിനൊടുവില്‍ ഗ്രീസ്മാനെ ഫൗൾ ചെയ്തതിന് ഫ്രാൻസിന് ഫ്രീ കിക്ക് ലഭിക്കുന്നു

ഫ്രീ കിക്കിൽ തലവെച്ച ക്രൊയേഷ്യൻ താരം മരിയോ മാൻഡ്‌സുകിച്ചിന് പിഴച്ചു. പന്ത് സ്വന്തം വലയിലേക്ക് ചെന്ന് പതിക്കുന്നത് നിസ്സഹായതോടെ നോക്കിനിൽക്കനായിരുന്നു അദ്ദേഹത്തിന്റെ വിധി. എന്നാൽ 28ാം മിനിറ്റിൽ പെരിസിച്ചിന്റെ ബുള്ളറ്റ് ഷോട്ട് ഫ്രാൻസിന്റെ വലയിലേക്ക് പറന്നു ചെന്നു. ഇതും ഫ്രീ കിക്കിനെ തുടർന്നുണ്ടായ നീക്കത്തിനൊടുവിലായിരുന്നു ഗോൾ. ബോക്‌സിന് തൊട്ടുപുറത്ത് നിന്നാണ് പെരിസിച്ച് ഷോട്ട് പായിച്ചത്

34ാം മിനിറ്റിൽ ക്രൊയേഷ്യൻ ബോക്‌സിനുള്ളിൽ വെച്ചാണ് പെരിസിച്ചിന്റെ കയ്യിൽ പന്ത് തട്ടുന്നത്. തുടർന്ന് ഫ്രാൻസിന്റെ താരങ്ങൾ പെനാൽറ്റിക്കായി വാദിച്ചു. വാറിന്റെ സഹായത്തോടെ റഫറി പെനാൽറ്റി അനുവദിക്കുകയായിരുന്നു. കിക്ക് എടുത്ത ഗ്രീസ്മാൻ പിഴവ് കൂടാതെ തന്നെ പന്ത് വലയിലേക്ക് എത്തിച്ചു. ക്രൊയേഷ്യ പിന്നീട് തുടരെ തുടരെ ആക്രമണം അഴിച്ചുവിട്ടെങ്കിലും ഗോളിലേക്ക് എത്തിക്കാനായില്ല

രണ്ടാം പകുതിയിലും ക്രൊയേഷ്യ ആക്രമണം തുടരുകയായിരുന്നു. 47ാം മിനിറ്റിൽ ബോക്‌സിന്റെ ഇടതുമൂലയിൽ നിന്ന് റബിച്ചിന്റെ ബുള്ളറ്റ് ഷോട്ട് ഫ്രാൻസിന്റെ ഗോളി കൈ കൊണ്ട് കുത്തിയകറ്റി. 51ാം മിനിറ്റിൽ എംബാപെ എക്‌സ്പ്രസ് വേഗത്തിൽ ക്രൊയേഷ്യൻ ബോക്‌സിലേക്ക് കുതിച്ചെത്തി. മുന്നോട്ടു കയറി വന്ന ക്രൊയേഷ്യൻ ഗോളി സുബാസിച്ച് കാല് കൊണ്ട് പന്ത് കുത്തിയകറ്റി.

58ാം മിനിറ്റിൽ പോൾ പോഗ്ബ ഫ്രാൻസിന്റെ മൂന്നാം ഗോൾ സ്വന്തമാക്കുന്നു. എംബാപെയുടെ മുന്നേറ്റത്തിനൊടുവിലായിരുന്നു പോഗ്ബയിൽ നിന്ന് ഗോൾ പിറന്നത്. പോസ്റ്റിന് വലതുമൂലയിൽ നിന്ന് എംബാപെ പന്ത് ഗ്രീസ്മാന് നൽകുന്നു. ഗ്രീസ്മാന്റെ ഷോട്ട് പ്രതിരോധ താരത്തിൽ നിന്ന് റീ ബൗണ്ട് ചെയ്തു വന്നപ്പോൾ പോഗ്ബ കൃത്യമായി വലയിലേക്ക് തൊടുക്കുകയായിരുന്നു.

65ാം മിനിറ്റിലാണ് ഫ്രാൻസിന്റെ ആരാധകർ കാത്തിരുന്ന ഗോൾ പിറന്നത്. ഒറ്റയ്ക്കുള്ള നീക്കത്തിനൊടുവിൽ എംബാപെ ബോക്‌സിന് പുറത്ത് മധ്യഭാഗത്ത് നിന്നെടുത്ത തകർപ്പൻ ഷോട്ട് ക്രൊയേഷ്യൻ ഗോളിയെയും പിന്നിലാക്കി വലയിലേക്ക് പറന്നു. ഇതോടെ ഫ്രാൻസ് 4-1ന് മുന്നിലെത്തി.

68ാം മിനിറ്റിൽ ഫ്രാൻസ് ഗോളിയുടെ പിഴവിൽ നിന്ന് ക്രൊയേഷ്യ തങ്ങളുടെ രണ്ടാം ഗോൾ സ്വന്തമാക്കി. മൈനസ് പാസ് ക്ലിയർ ചെയ്യാനുള്ള ഫ്രഞ്ച് ഗോളിയുടെ ശ്രമത്തെ പരാജയപ്പെടുത്തി മാൻഡുസികിച് വളരെ സിംപിളായി തന്നെ പന്ത് ഫ്രഞ്ച് വലയിലേക്ക് ഇടുകയായിരുന്നു.

രണ്ടാം ഗോള്‍ നേടിയതിന് ശേഷം ക്രൊയേഷ്യ ആക്രമണത്തിന്റെ മൂര്‍ച്ച വര്‍ധിപ്പിച്ചു. നിമിഷങ്ങളുടെ ഇടവേളകളിലായി ഫ്രഞ്ച് ബോക്‌സിലേക്ക് ക്രൊയേഷ്യന്‍ താരങ്ങള്‍ ഇരമ്പിയാര്‍ത്തുവന്നെങ്കിലും ലക്ഷ്യം ഭേദിക്കാനായില്ല. കിരീടം നേടാനായില്ലെങ്കിലും തലയുയര്‍ത്തിപ്പിടിച്ച് തന്നെയാണ് ക്രൊയേഷ്യ റഷ്യയില്‍ നിന്നും വിടവാങ്ങുന്നത്. വമ്പന്‍മാരെയൊക്കെ കടപുഴക്കി അപ്രതീക്ഷിതമായിട്ടായിരുന്നു ക്രൊയേഷ്യ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *