ലോകകപ്പ് സെമി കളിക്കുന്ന നാല് ടീമുകളിലെ ഒമ്പത് താരങ്ങളും ഈ ഇംഗ്ലീഷ് ക്ലബ്ബിന് സ്വന്തം
ലോകത്തുള്ള പല വമ്പൻ ക്ലബ്ബുകളുടെ താരങ്ങളും റഷ്യൻ ലോകകപ്പിന് എത്തിയിരുന്നു. ബാഴ്സയുടെ മെസ്സിയും റയലിന്റെ ക്രിസ്റ്റ്യാനൊയും പി എസ് ജിയുടെ നെയ്മറും അടക്കമുള്ള താരങ്ങൾ. എന്നാൽ ലോകകപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ സെമി കളിക്കുന്ന നാല് രാജ്യങ്ങളിൽ നിന്നുള്ള ഒമ്പത് താരങ്ങളും ഈ ക്ലബ്ബിന് സ്വന്തമാണ്. ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടന്നമാണ് വമ്പൻ ക്ലബുകളെ മലർത്തിയടിച്ചത്
ഫ്രാൻസ്, ബൽജിയം, ക്രൊയേഷ്യ, ഇംഗ്ലണ്ട് എന്നീ നാല് രാജ്യങ്ങളിൽ നിന്നുള്ള ഒമ്പത് താരങ്ങൾ ടോട്ടന്നത്തിന് വേണ്ടി കളിക്കുന്നവരാണ്. ഇംഗ്ലണ്ടിൽ നിന്നുള്ള താരങ്ങളാണ് ഇതിലേറെയും. നായകൻ ഹാരി കെയ്ൻ അടക്കം അഞ്ച് താരങ്ങളാണ് ടോട്ടന്നത്തിന് വേണ്ടി കളിക്കുന്നത്. ഡാലെ അലി, എറിക് ഡയർ, ട്രിപ്പെയർ, ഡാനി റോസ് എന്നിവരാണ് ഇംഗ്ലണ്ടിൽ നിന്നുള്ള മറ്റ് ടോട്ടന്നം അംഗങ്ങൾ
ബൽജിയത്തിൽ നിന്ന് മൂന്ന് പേരും ഫ്രാൻസിൽ നിന്ന് ഒരാളുമാണ് പിന്നെയുള്ളത്. ക്രൊയേഷ്യയിൽ മാത്രമാണ് ടോട്ടന്നത്തിന്റെ പ്രതിനിധികളില്ലാത്തത്. പക്ഷേ ലൂക്ക മോഡ്രിച്ചും വെദ്രാൻ കോർലൂക്കയും ടോട്ടന്നത്തിന്റെ മുൻ താരങ്ങളാണ്.
ബൽജിയത്തിൽ നിന്ന് ടോബി ആൽഡർവെയർഡ്, വെട്ടോംഗൻ, മൗസ ഡംബല എന്നിവരാണ് ടോട്ടന്നത്തിന്റെ പ്രതിനിധികൾ. ഫ്രാൻസ് നായകൻ ഹ്യൂഗോ ലോറിസും ടോട്ടന്നതിന്റെ പ്രതിനിധിയാണ്