തുടർച്ചയായ മൂന്നാം ജയവുമായി ഇന്ത്യ; ടി20 വനിതാ ലോകകപ്പ് സെമി ഉറപ്പിച്ചു
ടി20 വനിതാ ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ മൂന്നാം ജയം. അയർലാൻഡിനെ 52 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് എടുത്തു. മറുപടി ബാറ്റിംഗിൽ അയർലാൻഡിന് 8 വിക്കറ്റ് നഷ്ടത്തിൽ 93 റൺസ് എടുക്കാനെ സാധിച്ചുള്ളു.
ഓപണർമാരുടെ മികവിലാണ് ഇന്ത്യ മാന്യമായ സ്കോർ നേടിയത്. മിതാലി രാജ് 51 റൺസെടുത്തു പുറത്തായപ്പോൾ സ്മൃതി മന്ദാന 33 റൺസെടുത്തു. ജാമിയ റോഡ്രിഗസ് 18ഉം ദീപ്തി ശർമ 11 റൺസുമെടുത്തു. മറ്റാർക്കും രണ്ടക്കം തികയ്ക്കാനായില്ല.
അയർലാൻഡ് ഇന്നിംഗ്സിൽ രണ്ട് പേർക്ക് മാത്രമാണ് രണ്ടക്കം തികയ്ക്കാനായത്. 33 റൺസെടുത്ത ഇസബെൽ ജോയ്സാണ് അവരുടെ ടോപ് സ്കോറർ. ഇന്ത്യക്ക് വേണ്ടി രാധ യാദവ് 3 വിക്കറ്റുകൾ വീഴ്ത്തി. ദീപ്തി ശർമ രണ്ടും പൂനം യാദവ്, ഹർമൻപ്രീത് കൗർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി