അഫ്ഗാനൊപ്പം മഴയെയും തോൽപ്പിച്ചു; ലങ്കക്ക് ലോകകപ്പിലെ ആദ്യ ജയം
ലോകകപ്പിൽ ആദ്യ ജയം സ്വന്തമാക്കി ശ്രീലങ്ക. അഫ്ഗാനിസ്ഥാനെ 34 റൺസിനാണ് ലങ്ക പരാജയപ്പെടുത്തിയത്. അഫ്ഗാനൊപ്പം മഴയും ഉയർത്തിയ വെല്ലുവിളികൾ മറികടന്നാണ് ലങ്കയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 36.5 ഓവറിൽ 201 റൺസിന് എല്ലാവരും പുറത്തായി. മഴയെ തുടർന്ന് അഫ്ഗാന്റെ വിജയലക്ഷ്യം 41 ഓവറിൽ 187 റൺസായി പുനർനിർണയിച്ചു. എന്നാൽ 32.4 ഓവറിൽ അഫ്ഗാൻ ഓൾ ഔട്ടാകുകയായിരുന്നു
ഇരു ടീമുകളും ആദ്യ ജയത്തിനായി വാശിയോടെ പൊരുതിയപ്പോൾ ബൗളർമാരുടെ മികവിലായിരുന്നു ലങ്ക ജയിച്ചു കയറിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 37ാം ഓവറിൽ തന്നെ 201 റൺസിന് പുറത്താക്കിയപ്പോൾ അഫ്ഗാൻ ജയം പ്രതീക്ഷിച്ചതാണ്. 78 റൺസെടുത്ത കുശാൽ പെരേര, 30 റൺസെടുത്ത കരുണരത്ന, 25 റൺസെടുത്ത തിരിമന്നെ എന്നിവരാണ് ലങ്കക്ക് വേണ്ടി സ്കോർ ചെയ്തത്. അഫ്ഗാന് വേണ്ടി മുഹമ്മദ് നബി 4 വിക്കറ്റും റാഷിദ് ഖാൻ, ദൗലത് സർദാൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും ഹമീദ് ഹുസൈൻ ഒരു വിക്കറ്റും വീഴ്ത്തി.
മധ്യനിരയിൽ നജീബുല്ല സർദാൻ പൊരുതിയെങ്കിലും അഫ്ഗാന് വിജയലക്ഷ്യത്തിലേക് എത്താൻ സാധിച്ചില്ല. സർദാൻ 43 റൺസെടുത്തു. ഹസ്രതുല്ല സസായി 30, ഗുൽബദിൻ നൈബ് 23, മുഹമ്മദ് നബി 11 റൺസെടുത്തു. മാറ്റാരും രണ്ടക്കം തികച്ചില്ല. ലങ്കക്ക് വേണ്ടി നുവാൻ പ്രദീപ് നാല് വിക്കറ്റും മലിങ്ക 3 വിക്കറ്റുകളും വീഴ്ത്തി. തിസാര പെരേര, ഉദാന എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.