സാധ്യതകൾ അവസാനിക്കുന്നില്ല; അർജന്റീനക്ക് പ്രതീക്ഷ നിലനിർത്താം
ഒരു സമനിലയും ഒരു തോൽവിയുമായി റഷ്യൻ ലോകകപ്പിൽ പുറത്തേക്കുള്ള വാതിലിൽ നിൽക്കുന്ന അർജന്റീനക്ക് ഇനിയും പ്രതീക്ഷകൾക്ക് വകയുണ്ട്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അമ്പേ പരാജയപ്പെട്ടെങ്കിലും വരുന്ന മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കുകയും ഒപ്പം കണക്കിലെ കളിയും ഒന്നിച്ചാൽ അർജന്റീന പ്രീ ക്വാർട്ടറിലേക്ക് നീങ്ങും
രണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഒരു പോയിന്റാണ് അർജന്റീനക്കുള്ളത്. ഗ്രൂപ്പിൽ രണ്ട് ജയത്തോടെ ആറ് പോയിന്റ് നേടിയ ക്രൊയേഷ്യ പ്രീ ക്വാർട്ടർ ഉറപ്പിച്ച് കഴിഞ്ഞു. ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാർട്ടർ പ്രവേശിക്കാനാണ് അർജന്റീന ശ്രമിക്കുക.
ഒരു പോയിന്റുമായി ഐസ് ലാൻഡാണ് അർജന്റീനക്കൊപ്പം ഗ്രൂപ്പിലുള്ളത്. ക്രൊയേഷ്യയോട് തോറ്റ നൈജീരിയ നാലാം സ്ഥാനത്തും നിൽക്കുന്നു. ഇന്ന് നടക്കുന്ന നൈജീരിയ-ഐസ് ലാൻഡ് മത്സരമാണ് അർജന്റീനയുടെ വിധി നിർണയിക്കുന്നത്.
ഇന്ന് ഐസ് ലാൻഡ് ജയിച്ചാൽ നാല് പോയിന്റുമായി അവർ രണ്ടാം സ്ഥാനത്തേക്ക് ഉയരും. നൈജീരിയ ജയിച്ചാൽ മൂന്ന് പോയിന്റുമായി അവരും രണ്ടാം സ്ഥാനം സ്വന്തമാക്കും. അതേസമയം സമനില വന്നാൽ ഐസ് ലാൻഡ് രണ്ട് പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിൽക്കും.
സമനിലയ ആയാൽ അവസാന മത്സരത്തിൽ നൈജീരിയയെ തോൽപ്പിക്കുകയും ക്രൊയേഷ്യ ഐസ് ലാൻഡിനെ തോൽപ്പിക്കുകയും ചെയ്താൽ അർജന്റീനക്ക് രണ്ടാം റൗണ്ടിൽ പ്രവേശിക്കാം. എന്നാൽ നൈജീരിയയുമായി സമനില വഴങ്ങിയാൽ പോലും അവർക്ക് പുറത്തേക്ക് പോകാം.