94 റൺസിന് ബംഗ്ലാദേശിനെ തകർത്തു; എന്നിട്ടും പാക്കിസ്ഥാൻ സെമി കാണാതെ പുറത്തായി
ലോകകപ്പിൽ പാക്കിസ്ഥാൻ സെമി ഫൈനൽ കാണാതെ പുറത്തായി. അവസാന മത്സരത്തിൽ ബംഗ്ലാദേശിനോട് ജയിച്ചെങ്കിലും നെറ്റ് റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ ന്യൂസിലാൻഡ് അവസാന സ്ഥാനക്കാരായി സെമിയിലേക്ക് പ്രവേശിക്കുകയായിരുന്നു. ഇെേതാട ലോകകപ്പ് സെമി ലൈനപ്പായി. ഓസ്ട്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലാൻഡ് ടീമുകളാണ് സെമിയിൽ കടന്നിരിക്കുന്നത്.
ബംഗ്ലാദേശിനോട് 300ലധികം റൺസിന് ജയിച്ചാൽ മാത്രമേ പാക്കിസ്ഥാന് സെമി സാധ്യത നിലനിൽക്കുമായിരുന്നുള്ളു. എന്നാൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് 315 റൺസ് എടുക്കാനെ സാധിച്ചുള്ളു. ബംഗ്ലാദേശിനെ ഏഴ് റൺസിന് മുമ്പ് ഓൾ ഔട്ടാക്കിയാൽ മാത്രം സെമിയെന്ന ഒരിക്കലും നടക്കാത്ത സാധ്യതയാണ് പിന്നീട് അവർക്കുണ്ടായിരുന്നത്. എന്നാൽ മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് 44.1 ഓവറിൽ 221 റൺസിനാണ് പുറത്തായത്.
ഇമാം ഉൾഹഖ് 100, ബാബർ അസം 96 ഇമാദ് വസീം 43 എന്നിവരുടെ ബാറ്റിംഗാണ് പാക്കിസ്ഥാന്റെ സ്കോർ 300 കടത്തിയത്. ബംഗ്ലാദേശിന് വേണ്ടി ഷാക്കിബ് ഹൽ ഹസൻ ഒരിക്കൽ കൂടി തിളങ്ങി. 64 റൺസാണ് ഷാക്കിബ് എടുത്തത്. ഇതോടെ ലോകകപ്പിൽ 600ലധികം സ്കോർ ചെയ്യുന്ന ബാറ്റ്സ്മാനായും ഷാക്കിബ് മാറി. 11 വിക്കറ്റും ഷാക്കിബിന്റെ പക്കലുണ്ട്. ടൂർണമെന്റിലെ താരമായി തെരഞ്ഞെടുക്കാനുള്ള സാധ്യതയും ഏറിയിട്ടുണ്ട്.