ഒറ്റയാനായി ഹിറ്റ്മാൻ: രോഹിതിന്റെ സെഞ്ച്വറി മികവിൽ ഇന്ത്യക്ക് ജയത്തുടക്കം; ജയം ആറ് വിക്കറ്റിന്
ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 47.3 ഓവറില്‍ ലക്ഷ്യം കണ്ടു.
രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ പ്രകടനാണ് ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചത്. 13 റണ്‍സിനിടെ ശിഖര്‍ ധവാനെ നഷ്ടപ്പെട്ടെങ്കിലും രോഹിത് ഒരറ്റത്ത് പിടിച്ചുനിന്നതോടെ ഇന്ത്യ സ്കോര്‍ മെല്ലെ ഉയര്‍ത്തുകയായിരുന്നു. ഒരുഘട്ടത്തിലും അമിതാവേശം കാണിക്കാതെയായിരുന്നു രോഹിതിന്റെ ഇന്നിംഗ്സ്. 144 പന്തില്‍ രണ്ട് സിക്സും 13 ഫോറും സഹിതം 122 റണ്‍സുമായി രോഹിത് പുറത്താകാതെ നിന്നു.
കോഹ്ലി 18 റണ്‍സെടുത്തും കെ എല്‍ രാഹുല്‍ 26 റണ്‍സിനും ധോണി 34 റണ്‍സിനും പുറത്തായി. ധോണിയുമായുള്ള രോഹിതിന്റെ കൂട്ടുകെട്ടാണ് ഇന്ത്യന്‍ ജയമുറപ്പിച്ചത്. 46 പന്തില്‍ രണ്ട് ഫോറുകള്‍ സഹിതമാണ് ധോണി 34 റണ്‍സ് എടുത്തത്. ഹാര്‍ദിക് പാണ്ഡ്യ 11 റണ്‍സുമായി പുറത്താകാതെ നിന്നു.