ദക്ഷിണാഫ്രിക്കൻ പ്രതീക്ഷകളെ അതിർത്തി കടത്തി കിവീസ് നായകൻ; അവസാന ഓവർ വരെ നീണ്ട ആവേശം
ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ സെമി പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ. ന്യൂസിലാൻഡിനെതിരായ മത്സരത്തിലും തോൽവി ഏറ്റുവാങ്ങിയതോടെ ലോകകപ്പിലെ ദുരന്ത ചരിത്രം ദക്ഷിണാഫ്രിക്ക ആവർത്തിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ ന്യൂസിലാൻഡ് നാല് വിക്കറ്റിനാണ് സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 49 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 241 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ 48.3 ഓവറിൽ മൂന്ന് പന്തുകൾ ശേഷിക്കെ ന്യൂസിലാൻഡ് വിജയലക്ഷ്യം മറികടന്നു. സെഞ്ച്വറിയുമായി ക്രീസിൽ ഉറച്ചുനിന്ന് വിജയ റൺ സ്വന്തമാക്കിയ കെയ്ൻ വില്യംസന്റെ പ്രകടനമാണ് എടുത്തു പറയേണ്ടത്. ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ ഒരറ്റത്ത് വിക്കറ്റുകൾ പോകുമ്പോഴും വില്യംസൺ ജയത്തിലേക്ക് ബാറ്റേന്തുകയായിരുന്നു. അവസാന ഘട്ടത്തിൽ ഗ്രാൻഡ് ഹോമും അദ്ദേഹത്തിന് മികച്ച പിന്തുണ നൽകി
അവസാന ഓവറിൽ എട്ട് റൺസായിരുന്നു കിവീസിന് ജയിക്കാനായി വേണ്ടിയിരുന്നത്. ആദ്യ പന്ത് തന്നെ സിക്സറിന് പറത്തി വില്യംസൺ തന്റെ സെഞ്ച്വറി തികച്ചു. മൂന്നാം പന്തും അതിർത്തി കടന്നതോടെ ദക്ഷിണാഫ്രിക്കൻ പതനം പൂർത്തിയായി. വില്യംസൺ 106 റൺസുമായി പുറത്താകാതെ നിന്നു. ഗ്രാൻഡ് ഹോം 60 റൺസും ഗുപ്റ്റിൽ 35 റൺസും നീഷാം 23 റൺസുമെടുത്തു.
നേരത്തെ വാൻഡർ ഡസ്സൻ 67, ആംല 55, മർക്രാം 38, മില്ലർ 36 എന്നിവരുടെ മികവിലാണ് സൗത്ത് ആഫ്രിക്ക സ്കോർ 241ൽ എത്തിച്ചത്. ആറ് മത്സരങ്ങളിൽ നിന്ന് നാല് തോൽവിയും ഒരു വിജയവും മാത്രമുള്ള ദക്ഷിണാഫ്രിക്ക പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. ഇനിയുള്ള മത്സരങ്ങളിൽ വിജയിച്ചാലും ദക്ഷിണാഫ്രിക്ക സെമി കാണില്ലെന്ന് ഏതാണ്ടുറപ്പായി കഴിഞ്ഞു.