സ്പാനിഷ് പടയെ സമനിലയിൽ കുരുക്കി മൊറോക്കോ; സ്പെയിൻ തോൽവി ഒഴിവാക്കിയത് അവസാന നിമിഷം
ലോകകപ്പിൽ ഗ്രൂപ്പ് ബിയിൽ മുൻ ലോകചാമ്പ്യൻമാരായ സ്പെയിനിനെ മൊറോക്കോ സമനിലയിൽ തളച്ചു. ഇരു ടീമുകളും രണ്ട് വീതം ഗോളുകൾ നേടിയാണ് സമനിലയിൽ പിരിഞ്ഞത്. തോൽവി മുന്നിൽ കണ്ടെങ്കിലും അധിക സമയത്ത് ലാഗോ അസ്പാസ് നേടിയ ഗോളിലൂടെയാണ് സ്പെയിൻ സമനില പിടിച്ചത്.
രണ്ട് തവണയും മൊറോക്കോയാണ് ലീഡ് നേടിയത്. മത്സരത്തിന്റെ പതിനാലാം മിനിറ്റിൽ തന്നെ മൊറോക്കോ സ്പെയിനിന് ആദ്യ ഷോക്ക് സമ്മാനിച്ചു. ഖാലിദ് ബൗത്തെയ്ബിയാണ് ഗോൾ കണ്ടെത്തിയത്. സ്പാനിഷ് പ്രതിരോധ നിരയിലെ ആശയക്കുഴപ്പമാണ് ഗോളിന് വഴിവെച്ചത്.
എന്നാൽ 19 ാം മിനിറ്റിൽ തന്നെ സ്പാനിഷ് പട തിരിച്ചടിച്ചു. ഗംഭീര മുന്നേറ്റത്തിനൊടുവിൽ ഇനിയേസ്റ്റ മറിച്ചു നൽകിയ പന്ത് ഇസ്കോ വലയിലേക്ക് പായിക്കുകയായിരുന്നു. ഇതോടെ മത്സരം സമനിലയിലായി. ആദ്യ പകുതി ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലിയിൽ പിരിഞ്ഞു
81ാം മിനിറ്റിൽ ഒരു ബുള്ളറ്റ് ഹെഡ്ഡറിലൂടെ യൂസഫ് എൽ നെസരി മൊറോക്കോക്ക് വീണ്ടും ലീഡ് നേടിക്കൊടുക്കുകയായിരുന്നു. സ്പെയിൻ തോൽവി മുന്നിൽ കണ്ട് തുടങ്ങിയപ്പോഴാണ് അസ്പാസ് രക്ഷകനായി അവതരിച്ചത്