പ്രതിരോധക്കോട്ട തകര്‍ത്ത് ഫ്രാന്‍സിന്റെ സര്‍വാധിപത്യം; കണ്ണീര്‍ക്കയത്തില്‍ ഉറൂഗ്വ
റഷ്യൻ ലോകകപ്പിലെ ആദ്യ സെമി ഫൈനലിസ്റ്റുകളായി മുൻ ചാമ്പ്യൻമാർ കൂടിയായ ഫ്രാൻസ്. ക്വാർട്ടർ ഫൈനലിൽ ഉറൂഗ്വയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്താണ് ഫ്രാൻ സെമിയിൽ കയറിയത്. നാൽപ്പതാം മിനിറ്റിൽ റാഫേൽ വാരാനെയും അറുപത്തിയൊന്നാം മിനിറ്റിൽ ഗ്രീസ്മാനുമാണ് ഫ്രാൻസിന്റെ ഗോളുകൾ സ്വന്തമാക്കിയത്
മത്സരത്തിന്റെ തുടക്കം തന്നെ ഫ്രാൻസിന്റെ ആക്രമണമാണ് കണ്ടത്. എംബാപെയും ഗ്രീസ്മാനും ഉറൂഗ്വെയുടെ ബോക്സിൽ നിരന്തരം ഭീതി വിതച്ചുവെങ്കിലും ഉറൂഗ്വെയുടെ പ്രതിരോധം ആദ്യമിളകിയില്ല. എന്നാൽ നാൽപ്പതാം മിനിറ്റിൽ ഗ്രീസ്മാന്റെ ഫ്രീകിക്കോടെ കളി മാറുകയായിരുന്നു. ഗ്രീസ്മാന്റെ കിക്ക് തല കൊണ്ട് വലയിലേക്ക് വരാനെ ചെത്തിയിടുകയായിരുന്നു.
മത്സരത്തിന്റെ ആദ്യ പകുതിയിൽ വരാനെയുടെ ഗോളിൽ ഫ്രാൻസ് 1-0ന് മുന്നിൽ. രണ്ടാം പകുതിയിൽ ഉറൂഗ്വെ കുറച്ചുകൂടി ആക്രമണോത്സുകത കാണിച്ചുവെങ്കിലും 61ാം മിനിറ്റിൽ ഗ്രീസ്മാൻ ഫ്രാൻസിന്റെ അടുത്ത വെടി പൊട്ടിച്ചു. ഇടതുവിങ്ങിൽ ബോക്സിന് പുറത്ത് നിന്ന് ഒന്നാന്തമൊരു വെടിയുണ്ട ഷോട്ട് ഉറൂഗ്വെൻ ഗോളി മുസ്ലേരയുടെ കൈയ്യിൽ ഒതുങ്ങാതെ വലയിലേക്ക് കയറി.
പിന്നീട് ഉറുഗ്വെയുടെ പ്രതിരോധം ചിന്നിച്ചിതറുന്നതാണ് കണ്ടത്. 69ാം മിനിറ്റിൽ മത്സരം കയ്യാങ്കളിയുടെ വക്കിലെത്തി. ഇരു ടീമിലെയും താരങ്ങൾ പരസ്പരം ഉരസിത്തുടങ്ങിയതോടെ ടീം ഒഫീഷ്യലുകൾ കൂടി ഇടപെട്ടാണ് സംഘർഷം ഒഴിവാക്കിയത്. എംബാപെക്കും ക്രിസ്റ്റ്യൻ റോഡ്രിഗസിനും റഫറി മഞ്ഞക്കാർഡ് വീശുകയും ചെയ്തു
കവാനിയില്ലാതെയാണ് ഉറൂഗ്വ ക്വാർട്ടറിൽ ഫ്രാൻസിനെ നേരിടാനിറങ്ങിയത്. കാവനിയുടെ അഭാവം അവരുടെ മുൻനിരയുടെ താളം തെറ്റിക്കുകയും ചെയ്തു. സുവാരസ് മികച്ച പങ്കാളിയില്ലാതെ ഉഴറുന്നത് മത്സരത്തിൽ പലതവണ കാണുകയും ചെയ്തു