ഡൽഹി ഡയറി

ഫാത്തിമ ഹിബ ബേപ്പുക്കാരൻ

ഫാത്തിമ ഹിബ ബേപ്പുക്കാരൻ

കാത്തിരിപ്പിന് വല്ലാത്തൊരു മധുരമാണ്. എന്നാൽ നീണ്ട കാലത്തെ കാത്തിരിപ്പ് സഫലമാവുമ്പോൾ അതിമധുരം! ആത്മനിർവൃതിയുടെയും ആകാംഷയുടെയും പിന്നെ കുന്നോളം പ്രതീക്ഷകളുടെയും അതിമധുരം നുകരാനൊരുങ്ങുകയാണ് ഞാനും എന്റെ സുഹൃത്തുക്കളും. അതെ, കാത്തിരുന്ന ആ അസുലഭ മുഹൂർത്തം ഇനി കേവലം മണിക്കൂറുകൾ മാത്രം അകലെ!
രണ്ടു വർഷങ്ങൾക്കു മുൻപ് മമ്പാട് കോളേജിലെ ഏക double main കോഴ്‌സ് ആയ അറബിക് & ഇസ്ലാമിക് ഹിസ്റ്ററിയിൽ അഡ്മിഷനെടുത്ത നിമിഷം മുതൽ മനസ്സിൽ മൊട്ടിട്ട ഒരുപാട് സ്വപ്നങ്ങളുണ്ട്., അവയിൽ എന്നും ചിറകുവിടർത്തി പറന്നുയരാൻ വെമ്പൽ കൊണ്ട ആ സ്വപ്‌നസാക്ഷാത്കാരത്തിന് ഇതാ ഒടുവിൽ സാക്ഷിയാവുകയാണ് ഞങ്ങൾ. അതെ, ‘ഡൽഹി യാത്ര ‘.
ഇന്ത്യയുടെ ആത്മാവു തൊട്ടറിഞ്ഞ ഒരുപിടി മഹാമനീഷികളുടെ പാവനസ്മരണകളുറങ്ങുന്ന തലസ്ഥാന നഗരിയിലേക്ക്, ചരിത്ര പുരുഷരുടെ വീരകഥകൾ പിറവികൊണ്ട ഇതിഹാസ ഭൂമിയിലേക്ക്, ഭാരത ചരിത്രത്തിന്റെ ഈറ്റില്ലമായ വീര മണ്ണിലേക്ക്. ഞങ്ങൾ യാത്രതിരിക്കുകയാണ്.
അറിവുകളെ പൊളിച്ചെഴുതാനും തിരിച്ചറിവുകളെ തൊട്ടുണർത്താനും ഈ യാത്രയ്ക്ക് സാധിക്കട്ടെ എന്ന പ്രത്യാശയോടെ.

തീവണ്ടിക്കാഴ്ചകൾ

ഇന്നാണ് കാത്തിരുന്ന ആ യാത്രയുടെ ഒന്നാം ദിവസം. രാത്രി ഇരുട്ടിന്റെ മൂടുപടം സ്വയം അണിഞ്ഞു കഴിഞ്ഞു. ചരിത്രത്തിന്റെ അകക്കാമ്പുകൾ തേടിയുള്ള ഞങ്ങളുടെ യാത്ര തുടങ്ങിയിട്ട് ഏതാണ്ട് പത്തു മണിക്കൂറുകൾ പിന്നിട്ടിരിക്കുന്നു. #വൈവിധ്യങ്ങളെബവർണാഭമാക്കിയബയാത്ര!
യാത്രയുടെ ആരംഭം മുതൽ തന്നെ രണ്ടു ദിവസം പൂർണമായി ട്രെയിനിൽ ചടഞ്ഞുകൂടി ഇരിക്കേണ്ടതിൽ ആശങ്കയുണ്ടായിരുന്നു ഞങ്ങളിൽ പലർക്കും. ഷൊർണൂരിൽ ട്രെയിൻ അല്പം വൈകിയതോടെ ആ ആശങ്കകൾ മുഴുവനും തന്നെ അമർഷമായി പല മുഖങ്ങളിലും പ്രകടമായി തുടങ്ങി. എന്നാൽ തീവണ്ടി യാത്ര ഇത്രയും മനോഹരമായിരിക്കുമെന്ന് ഞങ്ങളൊരിക്കലും നിനച്ചിരുന്നില്ല !
സൗഹൃദ വർത്തമാനങ്ങളും, പൊട്ടിച്ചിരികളും, നുറുങ്ങു കളികളും, ഇടയ്ക്കിടെ കൈകളിൽ നിന്നും കൈകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ബിസ്‌കറ്റ് പാക്കറ്റുകളുമൊക്കെ തീവണ്ടി യാത്രയെ ജീവസുറ്റതാക്കി. എന്നാൽ ഓരോ ജാലകങ്ങൾക്കപ്പുറവും വിരിയുന്ന നൂറു നൂറു തീവണ്ടിക്കാഴ്ച്ചകളായിരുന്നു ഞങ്ങളുടെ യാത്രയ്ക്ക് ജീവനും തേജസും നൽകി യാത്രയുടെ ആത്മാവിനെ തൊട്ടുണർത്തിയത്. പിന്നോട്ടോടുന്ന മരങ്ങളും നിർഗ്ഗളമായ നദികളും മാത്രമല്ല, സ്റ്റേഷൻ പാതയോരങ്ങളിൽ വെറും തറയിൽ കിടന്ന് ഭിക്ഷയാചിക്കുന്ന മണ്ണിന്റെ മക്കളും, അഴുകിയ സാരിയും ചുക്കിച്ചുളിഞ്ഞ ദേഹവുമായി ദയാവായ്പകൾക്കായി ഞങ്ങളിലേക്ക് കരങ്ങൾ നീട്ടിയ യാചകരും, അവരുടെ ഒക്കത്തിരുന്ന് തീവണ്ടിക്കകത്തു തലങ്ങും വിലങ്ങുമോടുന്ന ശീതള പാനീയങ്ങളിലേൽക്കും പലഹാര പാത്രങ്ങളിലേക്കും ദയനീയമായി കണ്ണെറിയുന്ന പിഞ്ചു പൈതങ്ങളുമൊക്കെ മനസ്സിലുടക്കി നിൽക്കുന്ന തീവണ്ടിക്കാഴ്ചകളിൽ ചിലതു മാത്രം.
ഇന്ത്യാ ചരിത്രത്തെ മാത്രമല്ല, ഞങ്ങളോരോരുത്തരുടെയും ആത്മാവിനെയും തൊട്ടറിയാൻ ഈ വേറിട്ട യാത്രയ്ക്ക് സാധിക്കുമായിരിക്കും അല്ലേ???
ഈ തുറന്നിട്ട ജാലകത്തിലൂടെ ഇനിയുമൊത്തിരി നനവാർന്ന മന്ദമാരുതൻ എന്റെ കവിളിലുരുമ്മുമായിരിക്കും എന്ന പ്രതീക്ഷയോടെ.

തിരിച്ചറിവുകളുടെ ദിനം

ഡൽഹി യാത്രയുടെ രണ്ടാം ദിവസത്തിന് തിരശീല വീഴുകയാണ് ഇന്ന്. രണ്ടു ദിവസം തുടർച്ചയായുള്ള യാത്ര ഞങ്ങളെ അല്പം മുഷിപ്പിച്ചെങ്കിലും തളരാത്ത ഉന്മേഷവുമായി ഞങ്ങളുടെ യാത്ര തുടരുകയാണ്. ആദ്യമൊക്കെ ട്രെയിൻ തുരങ്കങ്ങളിലൂടെ കടന്നു പോകുമ്പോൾ തുരങ്കങ്ങൾക്കകത്ത് വിരിഞ്ഞ ഇരുട്ട് ഞങ്ങളിൽ ഭീതി ജനിപ്പിചെങ്കിലും പിന്നെ പിന്നെ തുരങ്ക പാതകൾ ഞങ്ങളെ ആവേശഭരിതരാക്കിത്തുടങ്ങി. തൊട്ടടുത്ത സീറ്റിലുള്ള മലയാളി സംഘവുമായി ചേർന്ന് അന്താക്ഷരി കളിച്ചതും, സഹായാത്രികരായ ഹിന്ദിക്കാരോട് മുറി ഹിന്ദിയിൽ സംസാരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടപ്പോൾ ഒടുവിൽ അവരെ കൊണ്ട് മലയാളം സംസാരിപ്പിച്ചു മലയാളികളുടെ അന്തസ്സ് കാത്തതുമൊക്കെ ഈ യാത്രയിലെ നനവാർന്ന അനുഭവങ്ങൾ തന്നെയായിരുന്നു.
എന്നാൽ ആഘോഷങ്ങൾക്കും ആസ്വാദനങ്ങൾക്കുമപ്പുറം ഈ ദിനം ചില തിരിച്ചറിവുകളുടേതു കൂടിയായിരുന്നു. അതെ, കേരളം അക്ഷരാർത്ഥത്തിൽ ദൈവത്തിന്റെ സ്വന്തം നാടു തന്നെ എന്ന വലിയ തിരിച്ചറിവ് ! നമ്മുടെ നാടും, നാട്ടുകാരും, എന്തിനേറെ., നാടിന്റെ ‘മണം’ പോലും ഹൃദയത്തോട് എത്രമേൽ ചേർന്നു കിടക്കുന്നതാണെന്ന് ആ പുണ്യഭൂവിൽ നിന്നും ഏറെ ദൂരം പിന്നിട്ടതിനു ശേഷമാണ് ഞങ്ങൾ തിരിച്ചറിഞ്ഞത്. ആ തിരിച്ചറിവു തന്നെയാവാം യാത്രയിൽ പരിചയപ്പെട്ട ഓരോ മലയാളിയിലും മറ്റേതു ദേശക്കാരനിലും, ഭാഷക്കാരനിലും കാണാനാവാത്ത ഒരു നന്മ കണ്ടെത്താൻ ഞങ്ങളെ പ്രേരിപ്പിച്ചതും. മലയാളി ആയതിനാൽ അഭിമാനവും, മലയാള നാട്ടിൽ പിറക്കാൻ കഴിഞ്ഞതിൽ നിർവൃതിയും തോന്നിയ ഒരുപാട് അനർഘ നിമിഷങ്ങൾ !
കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്നും നമ്മൾ മലയാളികൾ ദൈവത്തിന്റെ സ്വന്തം ആളുകളാണെന്നുമുള്ള ഉൾവിളികൾ ജനിപ്പിച്ച ഒരുപാട് അനുഭവങ്ങളുടെ വലിയ പാഠങ്ങൾ പകർന്നു നൽകി തീവണ്ടി ഞങ്ങളേയും കൊണ്ട് മുന്നോട്ട് കുതിക്കുകയാണ്.
എന്റെ ജാലകത്തിനപ്പുറം ഒരു ചാറ്റൽ മഴ പെയ്യാൻ മടിച്ച് ചിണുങ്ങി നിൽപ്പുണ്ട്. പക്ഷെ, മനസ്സിലിപ്പോഴും നാടിനെ കുറിച്ചുള്ള സ്മരണകൾ ഒരു പേമാരി കണക്കെ പെയ്തിറങ്ങുന്നുണ്ട്. ആ കുളിർ മഴയിൽ ഞാനൊന്നു മുങ്ങി നീരാടട്ടെ.

ആഗ്രബഫോർട്ടും ചില പുനർവായനകളും
ഒടുവിൽ സുദീർഘവും സംഭവബഹുലവുമായ യാത്രയ്ക്കു ശേഷം മാഹാരഥൻമാരുടെ കാൽ സ്പർശമേറ്റ് പുളകിതമായ ചരിത്ര മണ്ണിൽ ഞങ്ങളിതാ എത്തിയിരിക്കുന്നു. സന്തോഷത്തിന്റെയും ആകാംക്ഷയുടെയും മധുര സുന്ദര നിമിഷങ്ങൾ !
തീവണ്ടി പ്രതീക്ഷിച്ചതിലും ഏറെ വൈകിയാണ് ആഗ്രയിലെത്തിയത്. അതു കൊണ്ടു തന്നെ ഞങ്ങളുടെ പ്ലാനിങ്ങുകൾ ചില നുറുങ്ങു ഭേദഗതികൾക്ക് വിധേയമാക്കേണ്ടി വന്നു. ആർഷ ഭാരത സംസ്‌കൃതി അഭിമാനപുരസരം പുതു തലമുറയ്ക്ക് മുൻപിൽ വരച്ചു കാണിക്കുന്ന, തലയെടുപ്പും പ്രൗഢിയും കൊണ്ട് ചരിത്രത്തിന്റെ ഏടുകളിൽ ‘ചുവന്ന’ ലിപികളാൽ രേഖപ്പെടുത്തപ്പെട്ട ആഗ്ര ഫോർട്ട് ആയിരുന്നു ഇന്നത്തെ ഞങ്ങളുടെ ലക്ഷ്യസ്ഥാനം. ഇന്ത്യൻ ചരിത്രവും പൗരാണികതയും അതിന്റെ സാംസ്‌കാരിക വേരുകളും തേടിവന്ന ആയിരക്കണക്കിന് വിദേശികളും സ്വദേശികളുമായ ചരിത്രാന്വേഷികൾക്കിടയിലൂടെ ഞങ്ങളും നടന്നു., പുസ്തകങ്ങളിലൂടെ മാത്രം തൊട്ടറിഞ്ഞ ജന്മ നാടിന്റെ ചരിത്ര പശ്ചാത്തലങ്ങളെ അനിവാര്യമായ ചില പുനർവായനക്ക് വിധേയമാക്കിക്കൊണ്ട്.

ഇപ്പോൾ ഈ കുറിപ്പെഴുതുമ്പോൾ പക്ഷെ എന്റെ മനസ്സിൽ തെളിഞ്ഞു വരുന്നത് ആഗ്ര ഫോർട്ടിന്റെ പ്രൗഢിയോ കോട്ട മതിലുകളിൽ കൊത്തിവെക്കപ്പെട്ട കരവിരുതിന്റെ കലാചാതുരിയോ ഒന്നുമല്ല. ആഗ്ര സിറ്റിയെ തൊട്ടറിയും മുൻപ് ഞാൻ മനസ്സിൽ കെട്ടിപ്പൊക്കിയ ഒരു ബിംബമുണ്ടായിരുന്നു. സിനിമകളിലൂടെയും എന്റെ ഭാവനകളിലൂടെയും ഞാൻ പണിതുയർത്തിയ അതിമനോഹരമായ കെട്ടിട സമുച്ചയങ്ങളും, പാർക്കുകളും, റിസോർട്ടുകളും, അതിനപ്പുറം., ഏറെ മുന്തിയ ജീവിത നിലവാരങ്ങളും ചുറ്റുപാടുകളുമുള്ള ആഗ്രാ പട്ടണം. പക്ഷേ എന്റെ ഭാവനാ ഗോപുരം ആദ്യ കാഴ്ചയിൽ തന്നെ തകർന്നടിഞ്ഞു വീണു. ഭാവനയുടെ കാറ്റിലും കോളിലും പെട്ട് ഉലയാത്ത അതിന്റെ അവശിഷ്ടങ്ങളിൽ ഇരുന്ന് യാഥാർഥ്യങ്ങളിലേക്ക് കണ്ണോടിക്കുമ്പോൾ മമ്മൂക്കയുടെ ആ മാസ്സ് ഡയലോഗിന്റെ പൊരുൾ അക്ഷരാർത്ഥത്തിൽ ഞാൻ തിരിച്ചറിയുന്നു. ‘അക്ഷരങ്ങൾ അച്ചടിച്ചു കൂട്ടിയ പുസ്തകത്താളിൽ നിന്നും നീ പഠിച്ച ഇന്ത്യയല്ല അനുഭവങ്ങളുടെ ഇന്ത്യ. കോടിക്കണക്കായ പട്ടിണി പാവങ്ങളുടെയും നിരക്ഷരരുടെയും ഇന്ത്യ. കൂട്ടിക്കൊടുപ്പുകാരുടെയും വേശ്യകളുടെയും തോട്ടികളുടെയും കുഷ്ഠ രോഗികളുടെയും ഇന്ത്യ. മക്കൾക്കൊരു നേരം വയറു നിറച്ചു വാരി ഉണ്ണാൻ വക തേടി സ്വന്തം ഗർഭപാത്രം പോലും വിൽക്കുന്ന അമ്മമാരുടെ ഇന്ത്യ., ഇന്ത്യയുടെ ആത്മാവ് തൊട്ടറിയാനുള്ള #സെൻസുണ്ടാവണം, സെൻസിബിലിറ്റിയുണ്ടാവണം, സെൻസിറ്റിവിറ്റിയുണ്ടാവണം . ഈ യാത്ര ഇന്ത്യയുടെ ആത്മാവു തൊട്ടറിയാനുള്ള സെൻസും, സെൻസിബിലിറ്റിയും, സെൻസിറ്റിവിറ്റിയും എനിക്കു പകർന്നു നൽകുമായിരിക്കും എന്ന പ്രത്യാശയോടെ.

ഭാവഭേദങ്ങളുടെ ഡൽഹി

ഇന്നായിരുന്നു ആ സുദിനം., ലോകാത്ഭുതങ്ങളിലെ മഹാത്ഭുതമായ താജ്മഹൽ ഞങ്ങളുടെ നയനങ്ങൾക്ക് വിരുന്നൊരുക്കിയ അവിസ്മരണീയ ദിനം. ഷാജഹാന്റെയും മുംതാസ് മഹലിന്റെയും അഗാധ പ്രണയത്തിന്റെ അനശ്വരചരിതം വിളിച്ചോതി താജ്മഹൽ ഞങ്ങൾക്കു മുൻപിൽ ഒരു ‘മഹാപ്രതിഭാസം’ കണക്കെ തലയുയർത്തി നിന്നു. അംബരചുംബിയായ ആ വെണ്ണക്കൽ ഗോപുരം ഞങ്ങളെ അത്യധികം വിസ്മയിപ്പിക്കുകയും വാചാലരാക്കുകയും ചെയ്തു.
മഹാനായ അക്ബർ ചക്രവർത്തിയുടെ വിജയഗാഥകൾ അനുസ്മരിപ്പിക്കുന്ന ഫത്തേപ്പൂർ സിക്രിയിലേക്കായിരുന്നു ഞങ്ങളുടെ തുടർന്നുള്ള യാത്ര. മുഗൾ കലാ വൈഭവത്തിന്റെ നൈപുണ്യങ്ങൾ വിളിച്ചോതുന്ന മറ്റൊരത്ഭുതം തന്നെയായിരുന്നു ഫത്തേപ്പൂർ സിക്രിയും.
ജഹാൻഗീറിന്റെ ജനനം പ്രവചിച്ച സൂഫീ വര്യൻ ഷെയ്ഖ് സാലിം ചിസ്തിയുടെ ദർഗ ഞങ്ങളുടെ യാത്രയിൽ അനുഭവങ്ങളുടെ മറ്റൊരധ്യായം കൂടെ രചിച്ചു. ഇന്ത്യയൊരു ജനാധിപത്യ മതേതരത്വ രാജ്യമാവുകയും ഇവിടെ വ്യത്യസ്ത മത നിരീക്ഷണങ്ങളും നിലപാടുകളും വെച്ചുപുലർത്തുന്നവർ ജീവിക്കുകയും ചെയ്യുന്നതിനാൽ വിശ്വാസ, ആചാര, മത വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഒരു തുറന്നെഴുത്തിന് ഞാൻ മുതിരുന്നില്ല. എന്നാൽ ഒരിന്ത്യൻ പൗരനെന്ന നിലയ്ക്ക് എന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ മുൻനിർത്തി ഞാനൊരു കാര്യം കുറിക്കട്ടെ, ഇത്തരം ആത്മീയ കേന്ദ്രങ്ങളിൽ മതവിശ്വാസത്തെ ചൂഷണം ചെയ്യുകയും അന്ധമായ ഭക്തിയും അനാചാരങ്ങളും വിശ്വാസ-ആചാരങ്ങളുടെ അന്തരാത്മാവിനെ കളങ്കപ്പെടുത്തുകയും ചെയ്യുന്നതായാണ് എനിക്ക് കാണാൻ സാധിച്ചത്.

ദർഗക്കു മുന്നിലെ നീറുന്ന കാഴ്ചകൾ ഞങ്ങളെ ഞങ്ങൾക്കോരോരുത്തർക്കും ലഭിച്ച മഹാനുഗ്രഹങ്ങളിൽ ദൈവത്തെ അത്യധികം സ്തുതിക്കാൻ പ്രേരിപ്പിക്കുന്നതായിരുന്നു. ചിറകറ്റ ചില ബാല്യങ്ങളുടെ ദയനീയ നോട്ടങ്ങൾക്കു മുൻപിൽ പലപ്പോഴും നിസ്സഹായരായി നോക്കി നിൽക്കാനേ ഞങ്ങൾക്കായൊള്ളു. യാചകരായി ജനിച്ചവർ.,യാചകരായിത്തന്നെ മരിക്കാൻ വിധിക്കപ്പെട്ടവർ !
ഉച്ചഭക്ഷണത്തിനു ശേഷം ഏകദേശം 210 കിലോമീറ്ററോളം താണ്ടി ഞങ്ങൾ ഡൽഹിയിലേക്ക് യാത്ര തിരിച്ചു. ഡൽഹിക്ക് ഓരോ ദിക്കിലും ഓരോരോ ഭാവങ്ങളായിരുന്നു. അതെ, നവരസങ്ങൾ മുഖത്തണിഞ്ഞ ഭാവഭേദങ്ങളുടെ ഡൽഹി ! ച. ഒ 21 ലൂടെയുള്ള യാത്ര വളരെ സുഖകരവും കണ്ണിന് ഇമ്പമുള്ളതും ആയിരുന്നു. റോഡിന്റെ ഇരുവശങ്ങളിലും ചോളവും, ചെനയും, കരിമ്പുമൊക്കെ കൃഷി ചെയ്തിരിക്കുന്നു. യാത്ര മുന്നോട്ട് കുതിക്കും തോറും സാമ്പത്തിക സമൃദ്ധിയും ജീവിതനിലവാരവും ഒത്തിണങ്ങിയ ഒരു ഡൽഹിയെ ആണ് ഞങ്ങൾക്ക് കാണാനായത്. നമ്മുടെ നാട്ടിൽ നിന്നും വ്യത്യസ്തമായി ഒരുപാട് കെട്ടിടങ്ങൾക്കും വീടുകൾക്കും മുകളിൽ ത്രിവർണ പതാക പാറിപ്പറന്നു. ആയിരക്കണക്കിന് വാഹനങ്ങൾ ഒരേ സമയം തലങ്ങും വിലങ്ങും ചീറിപ്പാഞ്ഞിട്ടും ഏതാണ്ട് ആറു മണിക്കൂർ നീണ്ട ആ യാത്രയിൽ ഒരൊറ്റ ബ്ലോക്കിൽ പോലും അക്ഷമരായി കാത്തിരിക്കേണ്ട സാഹചര്യം ഞങ്ങൾക്കുണ്ടായില്ല എന്നത് എന്നെ ഏറെ അത്ഭുതപ്പെടുത്തി. ട്യൂബ് ലൈറ്റുകളുടെയും ഘ. ഋ. ഉ ലാമ്പുകളുടെയും തിളക്കത്തിൽ പ്രകാശിച്ചു നിൽക്കുന്ന തലസ്ഥാനനഗരി കൊച്ചു കേരളത്തിലെ മലപ്പുറം ജില്ലയിലെ മമ്പാടെന്ന ഒരു സാധാരണ ഗ്രാമത്തിൽ നിന്നും വന്ന എന്നെ അമ്പരപ്പിച്ചു.
ഒരുവശത്തു ചേരികളും ഗില്ലികളും നിറഞ്ഞ ഡൽഹി, മറുവശത്തു ആഡംബരവും ആഢ്യത്തവും വിളഞ്ഞാടുന്ന ഡൽഹി. അതെ, ഡൽഹി എന്നെ വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കുന്നു. വരും ദിനരാത്രങ്ങൾ ഇനിയുമൊരുപാട് വിസ്മയങ്ങൾ എനിക്കായി ഒരുക്കിവെച്ചിട്ടുണ്ടാവും എന്ന വിശ്വാസത്തോടെ.

വിസ്മയങ്ങളുടെ കലവറ

ചേരവംശവും ചോളരാജാക്കന്മാരും അറക്കൽ സുൽത്താന്മാരും, ധീര പഴശ്ശിയും സാമൂതിരിയുമൊക്കെ നാടുവാണ നാട്ടിൽ നിന്നും മൈലുകൾക്കപ്പുറം മൗര്യരും ഗുപ്തരും മുഗൾ ചക്രവർത്തിമാരും, തുഗ്ലക്കും ഗോറിയുമൊക്കെ അരങ്ങുവാണ ചരിത്ര മണ്ണിൽ എത്തി നിൽക്കുകയാണ് ഞങ്ങളുടെ യാത്ര. പൗരാണിക സംസ്‌കാരത്തിന്റെ നേർസാക്ഷ്യമായി തലയുയർത്തി നിൽക്കുന്ന എണ്ണമറ്റ കോട്ടകളുടെയും, മസ്ജിദുകളുടെയും, കോവിലുകളുടെയും നാട് !
ഞങ്ങളുടെ യാത്രയുടെ ഇന്നത്തെ ലക്ഷ്യസ്ഥാനങ്ങൾ ബിർളാ മന്ദിർ, നെഹ്റു ഭവൻ, ഇന്ദിരാ ഭവൻ, ഇന്ത്യാ ഗേറ്റ്, ചെങ്കോട്ട, അക്ഷർധാം ക്ഷേത്രം,രാഷ്രപിതാവിന്റെ സമാധിസ്ഥലമായ രാജ്ഘട്ട് തുടങ്ങിയവയായിരുന്നു. മുൻ പ്രധാനമന്ത്രിമാരും ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നയതന്ത്രരുമായിരുന്ന നെഹ്റുജിയുടെയും ഇന്ദിരാജിയുടെയും വസതികൾ സന്ദർശിച്ചത് തീർത്തും വേറിട്ടൊരനുഭവമായിരുന്നു ഞങ്ങൾക്ക്. ഇരു വസതികളിലുമായി ആ മഹാമനീഷികൾ വായിച്ചുതീർത്ത പതിനായിരക്കണക്കിന് പുസ്തകക്കെട്ടുകൾ !ആ ഗ്രന്ഥ ശേഖരണത്തിനു മുൻപിൽ വിസ്മയിച്ചു നിൽക്കെ ഞങ്ങൾ തിരിച്ചറിഞ്ഞു, നെഹ്റുജിയും ഇന്ദിരാജിയും എന്തുകൊണ്ട് ഇന്ത്യ കണ്ട ഏറ്റവും ശ്രേഷ്ഠരും ശക്തരുമായ പ്രധാനമന്ത്രിമാരിൽ മുൻപന്തിയിൽ സ്ഥാനമുറപ്പിച്ചു എന്നത്.
ഒന്നാം ലോകമഹായുദ്ധ കാലത്ത് വീരചരമം പൂണ്ട 70, 000 ത്തോളം വരുന്ന ധീരയോദ്ധാക്കളെ അനുസ്മരിപ്പിക്കുന്ന ഇന്ത്യാ ഗേറ്റും താണ്ടി ഞങ്ങൾ നേരെ പോയത് ത്രിവർണ്ണപതാക പാറിപ്പറക്കുന്ന ചെങ്കോട്ടയിലേക്കായിരുന്നു. 200 വർഷക്കാലം മുഗൾ ചക്രവർത്തിമാർ താമസിച്ചിരുന്ന ആ ചിരപുരാതനഗേഹം മുഗൾ കലാവിരുതിന്റെ മറ്റൊരു ബാക്കിപത്രം തന്നെ!
ഈ യാത്രയിൽ എന്നെ ഏറെ വിസ്മയിപ്പിച്ചത് വേറിട്ട കൊത്തുപണികളും നിർമാണവൈഭവവുമായി ആരെയും ആകർഷിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന കരവിരുതിന്റെ തലയെടുപ്പോടെ വിസ്മയങ്ങൾ തീർത്ത അക്ഷർധാം ക്ഷേത്രമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന കാലങ്ങളിൽ പണികഴിപ്പിച്ച ഈ മഹാത്ഭുതം ഞങ്ങളുടെ കണ്ണുകൾക്ക് മനോഹരമായ ദൃശ്യവിരുന്നൊരുക്കി.
ഹാ., ഞാനിന്നു തൊട്ടറിഞ്ഞ ഡൽഹി എത്ര മനോഹരിയാണ് ! വിസ്മയിപ്പിക്കുന്ന മഹാത്ഭുതങ്ങളുടെ കലവറ ! കൂടുതൽ വിസ്മയങ്ങൾ തേടി ഞങ്ങളിപ്പോൾ പഞ്ചാബിലേക്ക് യാത്രതിരിക്കുകയാണ്. സിങുമാരുടെ നാട്ടിൽ കൂടുതൽ വിസ്മയങ്ങൾ കാത്തിരിപ്പുണ്ടാവും എന്ന ശുഭ പ്രതീക്ഷയോടെ.

ഒരേയൊരിന്ത്യ
ഒരു രാത്രി മുഴുവൻ നീണ്ടുനിന്ന സുദീർഘമായ യാത്രയ്ക്കൊടുവിൽ പുലർച്ചെ ആറു മണിയോടെ ഞങ്ങൾ പഞ്ചാബിലെ അമൃത്സറിൽ ബസ്സിറങ്ങി. രാത്രിയിലും പകലുപോലെ സജീവമായിരുന്നു പഞ്ചാബിലെ നിരത്തുകളും ഭക്ഷണശാലകളും. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന വയലേലകളും വൻമരങ്ങൾ തണലുവിരിച്ച നാട്ടുവഴികളും പഞ്ചാബിന്റെ പ്രതാപവും സമ്പത്സമൃദ്ധിയും വിളിച്ചോതുന്നതായിരുന്നു. നിശയുടെ നിശബ്ദയാമങ്ങളിൽ എന്റെ ചുണ്ടുകളിൽ പറന്നു വന്ന ഉമ്പായിയുടെ ഗസൽ മൂളി ഞാൻ നിദ്രപൂണ്ടു., ‘വീണ്ടും പാടാം സഖി നിനക്കായ് വിരഹഗാനം ഞാൻ ‘.
ഞങ്ങളുടെ ‘വിശ്വവിഖ്യാതമായ’ ഡൽഹി യാത്രയുടെ ആറാം ദിവസമായ ഇന്ന് ആരംഭം കുറിച്ചത് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ ചരിത്ര ശേഷിപ്പുകളിൽ നിന്നുമായിരുന്നു. അതെ, ഇന്ത്യൻ സ്വാതന്ത്ര്യ സമര വീരഗാഥകളിലെ നീറുന്ന ഒരേട്., ജാലിയൻ വാലാബാഗ് കൂട്ടക്കൊല! ആ ധീര ദേശാഭിമാനികളുടെ പാവനസ്മരണയ്ക്ക് മുൻപിൽ ശിരസ്സു നമിച്ചു കൊണ്ട് ഏറെ സമയം ഞങ്ങളവിടെ ചിലവഴിച്ചു.
അടുത്തതായി ഞങ്ങൾ പോയത് സിഖു മത വിശ്വാസവുമായി ബന്ധപ്പെട്ട സുവർണ്ണ ക്ഷേത്രത്തിലേക്കാണ്. വിദേശികളും സ്വദേശികളും ഭക്തരും തീർഥാടകരും ടൂറിസ്റ്റുകളുമടങ്ങുന്ന നീണ്ട ജനാവലിയെ കൊണ്ട് സമൃദ്ധമായിരുന്നു ക്ഷേത്ര പരിസരവും അകത്തളവും. ഞങ്ങൾക്ക് ഇന്ന് ഉച്ചഭക്ഷണമൊരുക്കിയിരുന്നതും അവിടെ തന്നെയായിരുന്നു. എന്നാൽ അവരുടെ വിശ്വാസപരമായ ചില ആചാരങ്ങളോട് ഒത്തുപോകാൻ എന്റെ വിശ്വാസവും ആദർശവും സമ്മതിക്കാത്ത പക്ഷം ഞാൻ അവരുടെ ഭക്ഷണം സ്‌നേഹപൂർവ്വം നിരസിച്ചു. എന്റെ ആദർശം എന്റെ വ്യക്തിപരമായ ഒന്നാണ്, ആ ആദർശത്തെ നെഞ്ചോടു ചേർത്തു തന്നെ സുവർണ്ണ ക്ഷേത്രത്തിന്റെ നടത്തിപ്പുകാരെയും ഭാരവാഹികളെയും ഞാൻ അഭിനന്ദിക്കുന്നു. കാരണം, പതിനായിരക്കണക്കിന് ആളുകൾക്ക് അവരുടെ മതവും നിറവും രാജ്യവും നോക്കാതെ ഭക്ഷണമൂട്ടാൻ കാണിക്കുന്ന നല്ല മനസ്സിനെ അഭിനന്ദിക്കാതെ വയ്യ.

സുവർണ്ണ ക്ഷേത്രത്തിൽ നിന്നും തുടങ്ങിയ യാത്ര വൈകാതെ ചെന്നുനിന്നത് ഇന്ത്യ -പാക്ക് അതിർത്തിയായ വാഗാ ബോർഡറിലായിരുന്നു. കത്തിജ്വലിച്ചു നിൽക്കുന്ന ഉച്ചവെയിലിൽ ഏറെ നേരം അവിടെ ഇരിക്കേണ്ടി വന്നപ്പോൾ #ളഹമഴബീളളബരലൃലാീി്യ കാണാതെ തിരിച്ചുപോയാലോ എന്നുവരെ ആലോചിച്ചു ഞങ്ങൾ. പക്ഷെ, പറയാതെ വയ്യ., ഈ ഡൽഹി യാത്രയിൽ ഞാൻ അനുഭവിച്ചറിഞ്ഞ ഏറ്റവും മനോഹരവും ഹൃദയസ്പർശിയുമായ മുഹൂർത്തങ്ങളാണ് വാഗാതിർത്തി എനിക്ക് സമ്മാനിച്ചത്. ഒരേയൊരിന്ത്യ ഒരൊറ്റജനത എന്ന വികാരത്തിനു മുൻപിൽ വിഭിന്ന ഭാഷക്കാരും വേഷക്കാരും, കറുത്തവനും വെളുത്തവനും, സമ്പന്നനും ദരിദ്രനും ഒരുമിച്ച് ഏറ്റുചൊല്ലി ‘ഭാരത്മാതാ കീ ജയ് ‘. ആ ജയ്വിളികൾ പാറിപ്പറക്കുന്ന ത്രിവർണ്ണപതാകയിൽ അലയടിച്ചുകൊണ്ടേയിരുന്നു. ഭാരതമെന്ന ഒരൊറ്റ വികാരത്തിനു കീഴിൽ ഞങ്ങൾ പരസ്പരം വാരിപ്പുണർന്നു. ദേശസ്‌നേഹം സിരകളിൽ പ്രഭാവിച്ച ഈ ദിനത്തിനും ഈയൊരു രാവോടു കൂടി ഇവിടെ തിരശീല വീഴുകയാണ്. കൂടുതൽ പ്രശോഭിതമായ മറ്റൊരു പകലിനെ പ്രതീക്ഷിച്ചുകൊണ്ട്.

പൊയ്മുഖങ്ങൾ
‘ഡൽഹി ഒരു മായികലോകമാണ്., നവരസങ്ങൾ മുഖത്തണിഞ്ഞ നിഗൂഢതകളുടെയും സങ്കീർണതകളുടെയും, പിന്നെ ഉത്തരം കിട്ടാത്ത നൂറായിരം സമസ്യകളുടെയും മായികലോകം !’
ഞങ്ങളുടെ യാത്ര അതിന്റെ അവസാനദിനങ്ങളിലേക്ക് കടക്കുകയാണ്. ഇന്ന് പുലർച്ചയോടെ പഞ്ചാബിൽ നിന്നും ഡൽഹിയിൽ തിരിച്ചെത്തി. ഇന്തോബഇസ്ലാമിക് വാസ്തുശില്പകലയുടെ ഉത്തമോദാഹരണമായ ഇഷ്ടിക കൊണ്ടു നിർമ്മിച്ച ലോകത്തിലെ തന്നെ ഏറ്റവും ഉയരമേറിയ മിനാരമായ ഖുതുബ് മിനാറിലേക്കായിരുന്നു ഇന്നത്തെ യാത്രയുടെ ദിശതിരിഞ്ഞത്. ഖുതുബുദീൻ ഐബക്കിന്റെയും ഇൽത്തുമിഷിന്റെയും അലാവുദ്ധീൻ ഖിൽജിയുടേയുമൊക്കെ സ്മരണകൾ അയവിറക്കിക്കൊണ്ട് അലൈ ദർവാസയിലൂടെ ഞങ്ങൾ കൈകൾ കോർത്തുപിടിച്ച് നടന്നു.
ഖുതുബ് മിനാറിൽ നിന്നും പിന്നീട് ഞങ്ങൾ പോയത് ഹുമയൂണിന്റെ ശവകുടീരം സ്ഥിതിചെയ്യുന്ന ഹുമയൂൺ ടോമ്പിലേക്കായിരുന്നു. ചുവന്ന കല്ലിൽ തീർത്ത ആ മനോഹര ദൃശ്യം നിർമ്മാണ രീതികൊണ്ടും കൊത്തുപണികളിലെ സാമ്യം കൊണ്ടും താജ്മഹലിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു. ഹുമയൂൺ ടോംബിന്റെ എതിർവശത്തുള്ള പാർക്കിംഗ് മൈതാനിയിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച ശേഷം ഞങ്ങൾ യാത്ര തുടർന്നു. ബഹായ് മതവിശ്വാസികളുടെ ആരാധനാലയമായ ലോട്ടസ് ടെംപിൾ അഥവാ താമര ക്ഷേത്രത്തിനു മുൻപിലാണ് ആ യാത്ര ചെന്നുനിന്നത്. ലോട്ടസ് ടെംപിൾ, വെണ്ണക്കല്ലിൽ കടഞ്ഞെടുത്ത ഒരു താമരപ്പൂവ് !
ഞങ്ങളുടെ ഇന്നത്തെ യാത്രയുടെ അവസാന ലക്ഷ്യസ്ഥാനം ഷാജഹാന്റെ നിർമൃതിയിൽ പേരുകേട്ടതും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പള്ളികളിൽ ഒന്നുമായ ഡൽഹി ജുമാമസ്ജിദായിരുന്നു. ചെങ്കോട്ടയുടെ മുൻപിൽ ബസ്സിറങ്ങി ഞങ്ങൾ ജുമാമസ്ജിദിനു നേരെ നടന്നു. മഗ്രിബ് ബാങ്കിന്റെ മാറ്റൊലികൾ ഞങ്ങളുടെ കാതുകളിലേക്ക് ഒഴുകിയെത്തി. ‘ഹയ്യ അല സ്വലാത്ത്. ഹയ്യ അലൽ ഫലാഹ്’
ഇന്നത്തെ യാത്രയിലെ തീർത്തും വേറിട്ടൊരനുഭവമായിരുന്നു ജുമാമസ്ജിദ് സന്ദർശനം. ഒരുപാട് ചോദ്യ ശരങ്ങൾ ഹൃദയത്തിൽ കാരമ്പുപോലെ കുത്തിത്തറക്കുന്നു. ആ ചോദ്യങ്ങൾക്ക് ഉത്തരം തേടിയുള്ള യാത്രയായിരുന്നു ഇത്. പക്ഷെ, ആവനാഴിയിൽ ചോദ്യങ്ങൾ വീണ്ടും പെറ്റുപെരുകുകയാണ്. ഉത്തരമില്ലാത്ത ചോദ്യങ്ങൾ !
ജുമാമസ്ജിദിന്റെ പ്രധാന കവാടം ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. മസ്ജിദിനു പുറത്തുള്ള കാഴ്ചകൾ ഏറെ ദയനീയവും പരിതാപകരവും ആയിരുന്നു. ഭക്ഷണ -പാനീയങ്ങൾ മുതൽ ചീർപ്പ്, സോപ്പ്, സുഗന്ധദ്രവ്യങ്ങൾ തുടങ്ങി ഒരുപാട് കച്ചവടസാധനങ്ങൾ നിരത്തിൽ കൂട്ടിയിട്ടു വിൽക്കുന്ന തെരുവോരക്കച്ചവടക്കാർ വഴിയുടെ ഇരുവശങ്ങളിലും യാത്രക്കാർക്ക് മുന്നോട്ട് ചലിക്കാൻ പോലുമാവാത്ത വിധേനെ സ്ഥാനം പിടിച്ചിരിക്കുന്നു. അവർക്കിടയിൽ വെറും തറയിലിരിക്കുന്നവർ, കിടക്കുന്നവർ, കൈക്കുഞ്ഞിനെ മുലയൂട്ടുന്നവർ, മാലിന്യക്കൂമ്ബകളിൽ ഭക്ഷണാവശിഷ്ടങ്ങൾ പരതുന്നവർ ! മസ്ജിദിന്റെ ചവിട്ടുപടികൾ കയ്യടക്കിയ ഒരുനേരത്തെ ഭക്ഷണത്തിനു പോലും ഗതിയില്ലാത്ത, ഉടുതുണിക്ക് മറുതുണിയില്ലാത്ത, ഞാനും നിങ്ങളും ജീവിക്കുന്ന വർണാഭമായ ഈ ലോകത്തെ കുറിച്ച് യാതൊരു ധാരണകളുമില്ലാത്ത യാചകരെയും മനുഷ്യക്കോലങ്ങളെയും താണ്ടി ഞങ്ങൾ ജുമാമസ്ജിദിന്റെ അകത്തളത്തിലേക്ക് പ്രവേശിച്ചു. ഈ ഡൽഹി യാത്രക്കിടെ ഹിന്ദു, സിഖ്, ബഹായ് തുടങ്ങി വിഭിന്ന മതവിഭാഗങ്ങളുടെ ഒരുപാട് ആരാധനാലയങ്ങൾ ഞങ്ങൾ സന്ദർശിച്ചിട്ടുണ്ട്. എത്ര കരുതലോടും വൃത്തിയോടും ഭയഭക്തി ബഹുമാനത്തോടുമാണ് അവർ അവരുടെ ആരാധനാ കേന്ദ്രങ്ങൾ സംരക്ഷിച്ചു പോരുന്നത്. എന്നാൽ ഏകനായ അല്ലാഹുവിന്റെ മുൻപിൽ സാഷ്ടാംഗം പ്രണമിക്കാൻ, അവനെ സ്മരിക്കാനും ആരാധനകളർപ്പിക്കാനും നിർമ്മിതമായ ‘ദൈവ ഭവന’ത്തിന്റെ അവസ്ഥ ഏറെ ശോചനീയമായിരുന്നു. കണ്ണു നനയിപ്പിക്കുന്ന ഒരുപാട് കാഴ്ചകളിലേക്ക് അൽപനേരം കണ്ണുനട്ടിരുന്ന് എനിക്ക് ലഭിച്ച അനുഗ്രഹങ്ങൾ ഓരോന്നിനും ദൈവത്തോട് നന്ദി പറഞ്ഞ് റൂമിലേക്കുള്ള മടക്കയാത്രയ്ക്ക് ഒരുങ്ങി.

കരോൾബാഗിലായിരുന്നു ഞങ്ങൾക്ക് താമസമൊരുക്കിയിരുന്നത്. ജുമാമസ്ജിദ് മെട്രോ സ്റ്റേഷനിൽ നിന്നും മെട്രോ ട്രെയിൻ കയറി താമസസ്ഥലത്തെത്താനായിരുന്നു തീരുമാനം. ഞങ്ങളിൽ പലരുടെയും ആദ്യ മെട്രോ യാത്രയായിരുന്നു അത് എന്നതിനാൽ തന്നെ വളരെ ആവേശത്തോടെ ഞങ്ങൾ നടന്നു തുടങ്ങി. ജുമാമസ്ജിദിനടുത്തുള്ള ഏതോ ഇടുങ്ങിയ വഴികളിലൂടെ, പാക്കിന്റെയും പാൻപരാഗിന്റെയും രൂക്ഷഗന്ധം വമിക്കുന്ന ഒരു തിരക്കേറിയ തെരുവിലൂടെയാണ് ഞങ്ങൾ സ്റ്റേഷനിലേക്ക് നടന്നത്. തലസ്ഥാന നഗരിയുടെ ഈ പിന്നാമ്പുറകാഴ്ചകൾ എന്നെ വളരെയധികം ആശ്ചര്യപ്പെടുത്തി. മുഖമക്കന കൊണ്ടു മൂക്കുപൊത്തി ഹാൻഡ്ബാഗ് മുറുക്കെപിടിച്ച് ഓരോ കാലടിയും സൂക്ഷിച്ചുവെച്ച് ഞാനും മുന്നോട്ട് നടന്നു. ഓരോ നിശ്വാസത്തിലും ഡൽഹിയുടെ തേങ്ങൽ എനിക്ക് കേൾക്കാമായിരുന്നു. ഒരുകാലത്ത് ഇന്ത്യയുടെ സ്പന്ദനമായിരുന്നു ഇവിടം. ഇവരുടെ പൂർവികരെ കുറിച്ച് ഇവർ അഭിമാനംപൂണ്ടിരിക്കാം. എന്നാൽ ആ ചരിത്രപുരുഷരുടെ പിന്മുറക്കാരായ ഈ തെരുവിന്റെ മക്കൾ ഞാനടക്കമുള്ള മുഴുവൻ ഭാരതീയനും നേരെയുയരുന്ന ഒരു വലിയ ചോദ്യചിഹ്നമാണ്. വിദേശികളും സ്വദേശികളുമടങ്ങുന്ന ടൂറിസ്റ്റുകളുടെ ഒഴുക്കാണ് ഡൽഹിയിൽ. ഈ മണ്ണിന്റെ സംസ്‌കാരവും പൈതൃകവും തേടിവരുന്ന ചരിത്രാന്വേഷികളിൽ നിന്ന് തന്നെ കോടിക്കണക്കിനു രൂപയുടെ വരുമാനം ഓരോ ദിവസവും ഇവിടെ കുമിഞ്ഞുകൂടുന്നുണ്ടാവാം. എന്നിട്ടുമെന്തേ ഈ തെരുവുകളോടും തെരുവിന്റെ വിലാപങ്ങളോടും അധികാരികൾ മൗനമാവുന്നത്?? !
തെരുവിലൂടെ നടന്നു നടന്ന് ഒടുവിൽ ഞങ്ങൾ മെട്രോ സ്റ്റേഷനിലെത്തി. അവിടെ ചായങ്ങളും ചമയങ്ങളും വാരിപ്പൂശിയ മറ്റൊരു മുഖമായിരുന്നു ഡൽഹിക്ക്. ഒരു പക്ഷെ ആ തെരുവിന്റെ മക്കൾ ഒരിക്കൽ പോലും അവരുടെ ജന്മനാടിന്റെ ഈ മുഖം കണ്ടുകാണില്ല. ഹാ. ജീവിതത്തിന് എത്ര എത്ര പോയ്മുഖങ്ങൾ ഇനിയും ഒരുപാട് മുഖങ്ങളും ഭാവങ്ങളും മാറിക്കൊണ്ടേയിരിക്കും എന്ന തിരിച്ചറിവോടെ.

കൊട്ടിക്കലാശം
ഇന്നാണ് ഡൽഹിയിലെ ഞങ്ങളുടെ അവസാന ദിനം. ഈ രാത്രിയൊന്നിരുണ്ടു വെളുത്താൽ ഈ മഹാനഗരത്തോട് ഞങ്ങൾ വിടപറയുകയായി. ഒരുപക്ഷെ ഞങ്ങളിൽ പലർക്കും ഇനി ഇങ്ങോട്ടേക്കൊരു തിരിച്ചുവരവുണ്ടാവില്ല. കുന്നോളം സന്തോഷങ്ങളും കടലോളം തിരിച്ചറിവുകളും സമ്മാനിച്ച മഹാനഗരമേ. വിട.
അവസാന ദിവസമായതിനാൽ തന്നെ ഇന്ന് അധിക സമയവും മാറ്റിവെച്ചത് ഷോപ്പിങ്ങിന് വേണ്ടിയായിരുന്നു. രാവിലെ ഒൻപതു മണിക്ക് റൂമിൽ നിന്നുമിറങ്ങിയ ഞങ്ങളുടെ പ്രധാന ലക്ഷ്യം രാഷ്ട്രപതി ഭവനും ഇന്ത്യൻ ജനാധിപത്യത്തിന്റെ വിളനിലയമായ പാർലമെന്റും സന്ദർശിക്കുക എന്നതായിരുന്നു. കരോൾബാഗ് മെട്രോ സ്റ്റേഷനിൽ നിന്നും ട്രെയിൻ പിടിച്ച് രാജീവ് ചൗക്ക് വഴി ഞങ്ങൾ സെൻട്രൽ സെക്രെട്ടറിയേറ്റ് സ്റ്റേഷനിൽ ഇറങ്ങി.
പൊതുവെ രാഷ്ട്രീയത്തിലും രാഷ്ട്ര ചർച്ചകളിലും തൽപരയായ ഞാൻ ഏറെ ആവേശത്തോടെയാണ് പാർലിമെന്റ് സന്ദർശനത്തേ നോക്കിക്കണ്ടത്. ഡൽഹിയിലെ 35ത്ഥഇ കൊടും വെയിലിനെ പോലും വകവെക്കാതെ ഞങ്ങൾ നടന്നു. പക്ഷെ ആഗ്രഹങ്ങൾക്കുമപ്പുറമാണല്ലോ വിധിയുടെ വിളയാട്ടങ്ങൾ ! വിധി ഞങ്ങൾക്കായി കാത്തുവെച്ചത് മറ്റൊരനുഭവമായിരുന്നു. മുഹറവുമായി ബന്ധപ്പെട്ടു പാർലിമെന്റ് അവധിയായിരുന്നു. അതിനാൽ തന്നെ പാർലിമെന്റ് അകത്തളം കാണുക എന്ന ഞങ്ങളുടെ മോഹം അവിടെ അസ്തമിച്ചു. പാർലിമെന്റ് പുറത്തു നിന്നും നോക്കിക്കണ്ടതിനു ശേഷം ഞങ്ങൾ രാഷ്ട്രപതി ഭവനു നേരെ നടന്നു. വൈകിട്ട് ഏതാണ്ട് മൂന്നു മണിയോടെ ഞങ്ങളുടെ യാത്രയുടെ ‘മർമ്മപ്രധാന കർമ്മ’ത്തിലേക്ക് ഞങ്ങൾ കാലെടുത്തു വെച്ചു.അതെ, ഷോപ്പിംഗ്. ! കരോൾ ബാഗിലെയും ചാന്ദ്നി ചൗക്കിലെയും കച്ചവട തെരുവിലൂടെ നടന്നു നീങ്ങുമ്പോൾ ഡൽഹിയുടെ സ്പന്ദനം തൊട്ടറിയാനാവും. ഒരു കാലത്ത് ഈ മഹാനഗരിയുടെ ജീവാത്മാവും പരമാത്മാവുമായിരുന്നു ഈ തെരുവുകൾ. ഓരോ കടകളിലും കയറിയിറങ്ങുമ്പോൾ വീടുകളിൽ ഞങ്ങളുടെ വരവും കാത്തിരിക്കുന്ന കുഞ്ഞനുജന്മാരെയും അനുജത്തിമാരെയും ഓർമ്മ വരും.

വിലപേശലുകളുടെയും വാഗ്വാതങ്ങളുടെയും കേന്ദ്രമാണ് ഈ മാർക്കറ്റുകൾ. പക്ഷെ ആ വിലപേശലുകളിലൊന്നും വീണുപോയില്ല ഞങ്ങൾ. തൊള്ളായിരം രൂപയുടെ ഷൂ നൂറ്റി അൻപതു രൂപയ്ക്കു വിലപേശി വാങ്ങിയവർവരെയുണ്ട് ഞങ്ങളുടെ കൂട്ടത്തിൽ. ‘മലയാളി ഡാ’ !
രാത്രി ഏതാണ്ട് പത്തുമണി കഴിഞ്ഞു കാണും ഞങ്ങൾ മെട്രോ സ്റ്റേഷനിൽ തിരിച്ചെത്തുമ്പോൾ. എന്നാൽ ആ സമയത്തും സ്റ്റേഷനും ട്രെയിനും ആളുകളെ കൊണ്ട് നിറഞ്ഞതായിരുന്നു. സ്റ്റേഷനിൽ വണ്ടിയിറങ്ങി മൂന്നു ഗ്രൂപുകളായി പിരിഞ്ഞു റൂമിലേക്ക് യാത്ര തിരിച്ച ഞങ്ങൾക്ക് പിന്നീട് നേരിടേണ്ടി വന്നത് അവിചാരിതമായ ചില അനുഭവങ്ങളായിരുന്നു. മൂന്നു ഗ്രൂപ്പുകളും മൂന്നു ദിശയിലേക്ക് നീങ്ങുകയും റൂമിലേക്കുള്ള വഴിതെറ്റി ഡൽഹി നഗരവീഥികളിൽ അലയുകയും ചെയ്തു. തെരുവു നായകളും രാത്രിമഴയും പിന്നെ നിശബ്ദമായ കൂരിരുട്ടും ഞങ്ങളെ പേടിപ്പെടുത്തിയെങ്കിലും ജീവിത പുസ്തകത്തിലേക്ക് അനുഭവങ്ങളുടെ വേറിട്ട വർണ്ണങ്ങൾ ചാലിക്കുകയായിരുന്നു ആ നിമിഷങ്ങളത്രയും. ഒടുവിൽ ഗൂഗിൾ മാപ്പിന്റെ സഹായം തേടിയ ഞങ്ങളുടെ സാറിന് ഗൂഗിൾ നല്ല മുട്ടൻ പണികൊടുക്കുകയും ചെയ്തു. ഒടുവിൽ റിക്ഷാവാലാമാരോടും തട്ടുകട ഭായ്മാരോടും അറിയാവുന്ന അറിയാവുന്ന മുറി ഹിന്ദിയിൽ വഴി തിരക്കി ക്ഷീണിച്ചവശരായി ഞങ്ങൾ ഹോട്ടലിൽ എങ്ങനെയോ തിരിച്ചെത്തി. നിങ്ങളെ ഡൽഹി മുഴുവൻ ചുറ്റിക്കാണിക്കാൻ ഞാൻ മനഃപൂർവം വഴി തെറ്റിച്ചതാണെന്ന് വീണിടം വിദ്യയാക്കാൻ പണ്ടേ മിടുക്കനായ സാർ ഇപ്പോഴും പറയുന്നുണ്ട്. ആത്മമിത്രങ്ങളെ പോലെ ഞങ്ങളോട് കൂട്ടുകൂടിയ, ഞങ്ങളുടെ കളിതമാശകൾ കൂടുതൽ രസകരമാക്കിയ പ്രിയ അധ്യാപകർ തന്നെയായിരുന്നു ഈ യാത്രയുടെ സർവ്വ ലഹരിയും.
ഒടുവിൽ നാളെ പുലർച്ചെയോടു കൂടി ഞങ്ങൾ നാട്ടിലേക്ക് തിരിക്കുകയാണ്.ഈ ഡയറികുറിപ്പുകൾ മാത്രമേ ഇവിടെ അവസാനിക്കുന്നുള്ളൂ. യാത്രയെ പ്രണയിക്കുന്ന എന്റെ പ്രയാണങ്ങൾ ഇനിയും തുടരുക തന്നെ ചെയ്യും. ഓരോ യാത്രകളും എന്റെ അന്തരാത്മാവിന് പുതിയ വർണ്ണങ്ങളും ഭാവങ്ങളും പകർന്നു നൽകട്ടെ എന്ന പ്രാർത്ഥനയോടെ.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *