കുട്ടനാട് കാണാൻ എന്തുരസം
കുട്ടനാട് കാണാൻ ഏതുകാലത്തും നല്ല രസമാണ്. അതു മഴക്കാലത്താണെങ്കിൽ കുട്ടനാടിന്റെ അഴകൊന്നുകൂടി കൂടും. മഴക്കാലത്ത് ഹൗസ് ബോട്ടിൽ കായലിലൂടെ കറങ്ങിനടക്കുന്നത് സങ്കല്പിക്കുമ്പോൾ തന്നെ കുളിരുകോരും. പുറത്ത് മഴ അരങ്ങ് തകർക്കുമ്പോൾ കുടുംബത്തോടൊപ്പം ആടിയും പാടിയും കരിമീൻ കഴിച്ചുമൊക്കെയുള്ള ഹൗസ് ബോട്ടിലെ ആഘോഷമാകട്ടെ ഇത്തവണത്തെ മഴക്കാല ഓർമച്ചിത്രം.
ആയിരത്തിലേറെ ഹൗസ് ബോട്ടുകൾ കുട്ടനാട്ടിലും പരിസരത്തുമായിട്ടുണ്ട്. ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഇരുന്നൂറോളം ഹോംസ്റ്റേകളുമുണ്ട്. ഡി.ടി.പി.സി.യുടെ വിവിധ പാക്കേജുകളുടെയും ഹൗസ് ബോട്ടുകളുടെയും സേവനം ഉപയോഗപ്പെടുത്തുകയും ചെയ്യാം. കുട്ടനാടിന് സമീപം കാണാൻ ഒട്ടേറെ സ്ഥലങ്ങളും ആസ്വദിക്കാൻ ഒട്ടേറെ കാര്യങ്ങളുമുണ്ട്.
ആർ ബ്ലോക്ക്, വേമ്പനാട്ട്കായലിന് നടുക്കുള്ള പാതിരാമണൽ ദ്വീപ്, ബുദ്ധപ്രതിമ സ്ഥിതിചെയ്യുന്ന കരുമാടിക്കുട്ടൻ, ഭൂതപാണ്ഡം കായൽ, വിശുദ്ധ ചാവറയച്ചന്റെ ജൻമസ്ഥലമായ കൈനകരി എന്നിവ സമീപത്തുള്ള പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. കരിമീൻ, താറാവ് കറി, കൊഞ്ച് എന്നിവ രുചിക്കാൻ കുട്ടനാട്ടിലേക്കെത്തുന്നവരും ഏറെ.