നോർത്ത് അമേരിക്കൻ മലങ്കര അതിഭദ്രാസന കുടുംബമേള സമാപിച്ചു

  • 6
    Shares

ന്യൂയോർക്ക്: ‘കലഹാരി റിസോർട്സ് & കൺവൻഷൻ സെന്റർ, പോക്കനോസ്, പെൻസിൽവാനിയയിൽ ജൂലൈ 25 മുതൽ 28 വരെ നടന്ന 32-ാമത് നടന്ന നോർത്ത് അമേരിക്കൻ മലങ്കര അതിഭദ്രാസന കുടുംബമേള സമാപിച്ചു. വിശ്വാസ തീഷ്ണതയിൽ അടിയുറച്ച ആത്മവിശുദ്ധിയുടേയും സഭാവിശ്വാസത്തിന്റേയും മഹത്വം വിളിച്ചോതി തികച്ചും ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടത്തപ്പെട്ട ഈ കുടുംബമേള പുതുമയാർന്ന ആശയങ്ങൾ കൊണ്ടും, ആത്മീയത നിറഞ്ഞുനിന്ന പ്രോഗ്രാമുകൾ കൊണ്ടും ഏറെ സമ്പന്നമായിരുന്നു. ആർച്ച് ബിഷപ്പും പാത്രിയർക്കൽ വികാരിയുമായ അഭി. യെൽദോ മോർ തീത്തോസ് മെത്രാപ്പോലീത്തയുടെ മേൽനോട്ടവും സംഘാടകരുടെ മികച്ച ആസൂത്രണവും കുടുംബ മേളയുടെ വൻ വിജയത്തിന് കാരണമായി. അമേരിക്കൻ മലങ്കര അതിഭദ്രാസന ഫാമിലി കോൺഫറൻസിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സഭാംഗങ്ങൾ പങ്കെടുത്ത ജൂബിലി കൺവൻഷന് ശേഷം ഈ വർഷമാണ് ഏറ്റവും കൂടുതൽ റജിസ്‌ട്രേഷൻ നടന്നിട്ടുള്ളത്.

കോൺഫറൻസിന്റെ ആദ്യ ദിനത്തിൽ നടത്തിയ പ്രതിനിധി സമ്മേളനത്തിൽ ഭദ്രാസനത്തിന്റെ അഭിവൃദ്ധിക്കും, വളർച്ചക്കും, സഭാംഗങ്ങളുടെ ക്ഷേമവും, പൊതുജന നന്മയും ലക്ഷ്യമാക്കി ആരംഭിക്കുവാനുദ്ദേശിക്കുന്ന വിവിധ പ്രവർത്തന പരിപാടികൾക്ക് അന്തിമരൂപം നൽകി. അന്ത്യോഖ്യാ സിംഹാസനത്തോടും, പരിശുദ്ധ പാത്രിയർക്കീസ് ബാവയോടും, ശ്രേഷ്ഠ കാതോലിക്കാ ബാവായോടും, ഇടവക മെത്രാപ്പോലീത്തയോടും, മലങ്കരയിലെ എല്ലാ മെത്രാന്മാരോടുമുള്ള സ്‌നേഹവും, വിധേയത്വവും, കൂറും ആവർത്തിച്ച് പ്രഖ്യാപിക്കുന്ന പ്രമേയം വെരി. റവ. ഗീവർഗീസ് സി തോമസ് കോർ എപ്പിസ്‌ക്കോപ്പാ അവതരിപ്പിച്ചുകൊണ്ടാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്.
അഭിവന്ദ്യ ആർച്ച് ബിഷപ്പ് യെൽദൊ മോർ തീത്തോസ് തിരുമേനിയും അഭിവന്ദ്യ സഖറിയാസ് മോർ പീലക്സീനോസ് (തൂത്തൂട്ടി) മെത്രാപ്പോലീത്തയും നിലവിളക്കു കൊളുത്തി കുടുംബമേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഭദ്രാസന സെക്രട്ടറി റവ. ഫാ. ജെറി ജേക്കബ്ബ് സ്വാഗതവും ട്രഷറർ ബോബി കുര്യാക്കോസ് നന്ദിയും രേഖപ്പെടുത്തി. അമേരിക്കയിലേയും കാനഡയിലേയും വിവിധ ദേവാലയങ്ങളിൽ നിന്നും വന്നെത്തിയ നൂറു കണക്കിന് വിശ്വാസികൾ നാല് ദിവസം നീണ്ടുനിന്ന കുടുംബ മേളയിൽ പങ്കെടുത്തു.

ഭദ്രാസനകളിലെ വിവിധ വിഭാഗങ്ങളിലുള്ള അവാർഡ് ജേതാക്കളെ അഭി. യെൽദോ മോർ തീത്തോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ അനുമോദിച്ചു. മലങ്കര യാക്കോബായ സുറിയാനി സഭയിലെ സുവിശേഷ ധ്യാന ഗുരുവും പ്രാസംഗികനുമായ അഭിവന്ദ്യ സഖറിയാസ് മോർ പീലക്സീനോസ് (തൂത്തൂട്ടി) മെത്രാപ്പോലീത്തയും പ്രശസ്ത സുവിശേഷ പ്രാസംഗികനും ദൃശ്യ മാധ്യമങ്ങളിലൂടെ ക്രിസ്തു സന്ദേശം ലോകമെമ്പാടും പ്രചരിപ്പിക്കുന്ന പ്രഗത്ഭ വാഗ്മിയും പൗരസ്ത്യ സുവിശേഷ സമാജം പ്രസിഡന്റുമായ വന്ദ്യ പാറേക്കര പൗലോസ് കോർ എപ്പിസ്‌കോപ്പായും വിവിധ സമയങ്ങളിലായി നടക്കുന്ന ധ്യാന യോഗങ്ങൾക്കും സുവിശേഷ പ്രസംഗങ്ങൾക്കും നേതൃത്വം നൽകി. യുവജനങ്ങളെ അഭിസംബോധന ചെയ്യുവാൻ അർമേനിയൻ ഓർത്തഡോക്സ് സഭയുടെ പ്രസിദ്ധ വാഗ്മി റവ. ഫാ. വാസ്‌ക്കൻ മോവ്സേഷ്യൻ പ്രത്യേക അതിഥിയായി എത്തിയതും ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഡയറക്ടർ ഫാ ബെൽസൺ കുര്യക്കോസിന്റെ നേതൃത്വത്തിൽ നടന്ന സൺഡേ സ്‌കൂൾ കുട്ടികളുടെ വിബിഎസ് മികവുറ്റതും അടുത്ത തലമുറയെ വിശ്വാസതീഷ്ണരാക്കാനുള്ള ഒരുക്കത്തിന്റെ പൂർണ്ണതയുമായിരുന്നു. ‘നിങ്ങൾ പൂർണ്ണ പ്രസാദത്തിന്നായി കർത്താവിനു യോഗ്യമാം വണ്ണം നടന്ന്, ആത്മീകമായ സകല ജ്ഞാനത്തിലും വിവേകത്തിലും അവന്റെ ഇഷ്ടത്തിന്റെ പരിജ്ഞാനം കൊണ്ട് നിറഞ്ഞു വരേണമെന്നും, സകല സത്പ്രവർത്തിയിലും ഫലം കായ്ച്ചു ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ വളരേണമെന്നും …’ (കൊലോസ്യൻസ് 1 :10) എന്ന സെമിനാറിന്റെ ചിന്താവിഷയത്തെ ആസ്പദമാക്കി, പ്രഗത്ഭ വാഗ്മിയും, പ്രശസ്ത സുവിശേഷ പ്രാസംഗികനുമായ വെരി റവ പൗലോസ് പാറേക്കര കോർ എപ്പിസ്‌കോപ്പാ മുഖ്യ പ്രഭാഷണം നടത്തി.

കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും കമനീയത നിലനിർത്തി, മികവുറ്റ രചനകൾ, സഭാ ചരിത്ര വിവരങ്ങൾ, വർണ്ണ ചിത്രങ്ങൾ തുടങ്ങി വിവിധയിനങ്ങൾ കോർത്തിണക്കി തയ്യാറാക്കിയ ‘മലങ്കര ദീപം 2018 ‘ ന്റെ പ്രകാശന കർമ്മവും നടത്തപ്പെട്ടു. മലങ്കര ദീപത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചവരോടുള്ള നന്ദി ചീഫ് എഡിറ്റർ സിമി ജോസഫ് അറിയിച്ചു.
കൊടി, വർണ്ണക്കുട, മുത്തുക്കുട തുടങ്ങിയവയുടെ അകമ്പടിയോടെ, ചെണ്ട വാദ്യ മേളങ്ങളുടെ താളക്കൊഴുപ്പോടെ, അഭിവന്ദ്യരായ മെത്രാപ്പോലീത്താമാരുടേയും വന്ദ്യ വൈദീകരുടേയും, കൗൺസിൽ അംഗങ്ങളുടേയും നേതൃത്വത്തിൽ, കുട്ടികളും യുവജനങ്ങളും, സ്തീപുരുഷന്മാരും ഒരുമിച്ച് അണിനിരന്ന്, അടുക്കും ചിട്ടയുമായി നടത്തിയ വർണ്ണപ്പകിട്ടാർന്ന ഘോഷയാത്ര അവിസ്മരണീയമായി.

കൃത്യമായി ചിട്ടപ്പെടുത്തിയ അജണ്ടയനുസരിച്ച് പുരുഷന്മാർക്കും സ്ത്രീകൾക്കും യുവജനങ്ങൾക്കുമായി പ്രത്യേകം പ്രോഗ്രാമുകൾ, ധ്യാന യോഗങ്ങൾ, സെമിനാറുകൾ, യാമപ്രാർത്ഥനകൾ, ചർച്ചാ വേദികൾ, വിവിധങ്ങളായ കലാപരിപാടികൾ തുടങ്ങിയവ ഉൾക്കൊള്ളിച്ച് ക്രമീകരിച്ച ഈ കുടുംബ സംഗമത്തിന് ശനിയാഴ്ച വി. കുർബ്ബാനയോടെ സമാപനമായി.

റിപ്പോർട്ട്: സുനിൽ മഞ്ഞിനിക്കര (അമേരിക്കൻ മലങ്കര അതിഭദ്രാസന പി.ആർ.ഒ.)Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *