തിരിച്ചടിക്കാൻ പാക് സൈന്യത്തിന് അനുവാദം നൽകി ഇമ്രാൻ ഖാൻ; ജനങ്ങളോട് തയ്യാറായിരിക്കാനും നിർദേശം
പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി അതിർത്തിക്കപ്പുറത്തെ ഭീകരവാദികളുടെ താവളങ്ങൾ ഇന്ത്യൻ വ്യോമസേന ആക്രമിച്ച പശ്ചാത്തലത്തിൽ പാക്കിസ്ഥാനിൽ ഉന്നതതല യോഗം ചേർന്നു. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, സൈനിക മേധാവി ഉമൻ ജാവേദ് ബജ്വ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു
സൈന്യത്തിന് തിരിച്ചടിക്കാൻ എല്ലാ അനുവാദവും പാക് പ്രധാനമന്ത്രി നൽകിയതായാണ് റിപ്പോർട്ടുകൾ. വരാനിരിക്കുന്ന സംഭവവികാസങ്ങൾ നേരിടാൻ സൈന്യവും ജനങ്ങളും തയ്യാറായിരിക്കണമെന്ന് ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ചൊവ്വാഴ്ച പുലർച്ചെ 3 മണിക്കാണ് പാക് അതിർത്തി കടന്ന് ഇന്ത്യൻ വ്യോമസേന ഭീകരരുടെ താവളങ്ങൾ ആക്രമിച്ചത്. ജെയ്ഷെ മുഹമ്മദിന്റെ മൂന്ന് പ്രധാന താവളങ്ങളാണ് വ്യോമസേന തകർത്തത്.