അഫ്ഗാനിസ്ഥാനിലെ ഐഎസ് തലവൻ കൊല്ലപ്പെട്ടു
കാബൂൾ: ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാനിസ്ഥാൻ തലവൻ അബു സാദ് എർഹാബി കൊല്ലപ്പെട്ടു. ശനിയാഴ്ച നടന്ന സൈനികാക്രമണത്തിലാണ് എർഹാബി കൊല്ലപ്പെട്ടത്. നന്ദഘട്ട് പ്രവിശ്യയിലെ ഐഎസ് കേന്ദ്രത്തിലേക്കാണ് ആക്രമണം നടന്നത്. എർഹാബിക്ക് പുറമെ പത്ത് ഭീകരരും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു
അഫ്ഗാന്റെ സൈനികരും വിദേശ സൈനികരും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ഐഎസ് തലവൻ കൊല്ലപ്പെട്ടത്. നിരവധി ആയുധങ്ങളും സൈനികാക്രമണത്തിലൂടെ നശിപ്പിച്ചിട്ടുണ്ട്. 2017 ജൂലൈക്ക് ശേഷം അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെടുന്ന നാലാമത്തെ ഐഎസ് മേധാവിയാണ് എർഹാബി
സംഭവത്തിൽ ഐഎസിന്റെ പ്രതികരണമൊന്നും ലഭ്യമായിട്ടില്ല. നാറ്റോ നയിക്കുന്ന റെസല്യൂട്ട് സപ്പോട്ട് മിഷനും സംഭവത്തിൽ പ്രതികരണം അറിയിച്ചിട്ടില്ല. ഐഎസിന്റെ മുൻ നേതാവ് അബു സയ്യിദ് നന്ദഘട്ടിലെ കിഴക്കൻ മേഖലയിൽ നടത്തിയ ആക്രമണത്തിൽ നേരത്തെ കൊല്ലപ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാനിൽ ഐഎസിന് 2000ഓളം പേർ യുദ്ധസജ്ജരായി നിൽക്കുന്നതായാണ് അമേരിക്കൻ സൈന്യം പറയുന്നത്