ഇൻസൈറ്റ് ചൊവ്വയിൽ ഇറങ്ങി; നാസയുടെ ദൗത്യം വിജയകരം
നാസയുടെ ചൊവ്വാ ദൗത്യമായ ഇൻസൈറ്റ് വിജയകരം. ഇന്ന് പുലർച്ചെ 1.30ഓടെയാണ് ഉപഗ്രഹം ചൊവ്വയുടെ ഉപരിതലത്തിൽ വിജയകരമായി ഇറങ്ങിയത്. മെയ്സ 5ന് കാലിഫോർണിയയിൽ നിന്ന് വിക്ഷേപിച്ച ഇൻസൈറ്റ് ആറ് മാസത്തെ യാത്രയ്ക്ക് ശേഷമാണ് ചൊവ്വയിൽ ഇറങ്ങുന്നത്.
ചൊവ്വ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന ഘട്ടമാണ് ഏറ്റവും നിർണായകമായിരുന്നത്. ഈ ഘട്ടത്തിൽ 1500 ഡിഗ്രി സെൽഷ്യസ് ചൂടാണ് ഉപഗ്രഹത്തെ തൊട്ടത്. എന്നാൽ ചൂട് പ്രതിരോധിക്കുന്നതിനായുള്ള കവചം ഇതിനെ ഫലപ്രദമായി തടഞ്ഞു.
ചൊവ്വയുടെ ഇതുവരെ വെളിപ്പെടാത്ത രഹസ്യങ്ങൾ തേടിയാണ് ഇൻസൈറ്റ് എത്തിയിരിക്കുന്നത്. ചൊവ്വയുടെ ഉപരിതലത്തിനടിയിലേക്ക് ആഴത്തിലിറങ്ങി ഉള്ളറകളെ കുറിച്ച് പഠിക്കുന്നതിനായി എത്തിയ ആദ്യ ബഹിരാകാശ പേടകമാണ് ഇൻസൈറ്റ്.