പാക്കിസ്ഥാനിൽ ഷിയാ ആരാധന കേന്ദ്രത്തിൽ സ്ഫോടനം; 30 പേർ കൊല്ലപ്പെട്ടു
പാക്കിസ്ഥാൻ പ്രവിശ്യയായ ഖൈബർ പക്തൂണിൽ നടന്ന സ്ഫോടനത്തിൽ 30 പേർ കൊല്ലപ്പെട്ടു. 35 പേർക്ക് സ്ഫോടനത്തിൽ പരുക്കേറ്റു. ഹാങ്ഗൂ നഗരത്തിലെ ഷിയാ ആരാധനാലയത്തിന് സമീപത്താണ് സ്ഫോടനം.
വെള്ളിയാഴ്ച ആരാധനക്ക് എത്തിയ ഷിയാ മുസ്ലിങ്ങളെ ലക്ഷ്യം വെച്ചാണ് സ്ഫോടനം നടന്നത്. പരുക്കേറ്റവരിൽ പലരുടെയും നില അതീവഗുരുതരമാണ്. മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് അധികൃതർ അറിയിക്കുന്നത്.
സ്ഫോടനത്തിന് പിന്നാലെ അമേരിക്കയെ വിമർശിച്ച് പാക്കിസ്ഥാൻ രംഗത്തെത്തി. അഫ്ഗാനിസ്ഥാനിലെ തീവ്രവാദികളെ നിയന്ത്രിക്കാൻ അമേരിക്കക്ക് സാധിക്കാത്തതാണ് സ്ഫോടനത്തിന് പിന്നിലെന്ന് പാക് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു