500 വർഷം മണ്ണിൽ പുതഞ്ഞുകിടന്ന അപൂർവ മോതിരം കണ്ടെത്തി
ലണ്ടൻ: 500 വർഷമായി മണ്ണിൽ പുതഞ്ഞു കിടന്നിരുന്ന മോതിരം കണ്ടെത്തി. ഇംഗ്ലണ്ടിലെ സോമർസെറ്റിലെ കർഷകന്റെ പാടത്തുനിന്നാണ് ഫാക്ടറി ജോലിക്കാരനായ ബെൻ ബിഷപ്പിന് ഈ മോതിരം ലഭിച്ചത്. ഉപയോഗ ശൂന്യമായ പാടത്ത് നടത്തിയ തിരച്ചിലിലാണ് മോതിരം കണ്ടെത്തിയത്. ഇത്തരം പാടങ്ങളിൽ തിരച്ചിൽ നടത്തുന്നത് ബെന്നിന്റെ ഹോബികളിലൊന്നാണ്. ഉടമയുമായി ധാരണയിലെത്തിയ ശേഷമാണ് സോമർസെറ്റിലെ പാടത്തും ബെൻ തിരച്ചിൽ നടത്തിയത്
മണ്ണ് ഇളക്കി മാറ്റിയപ്പോഴാണ് മോതിരം ബെന്നിന് ലഭിച്ചത്. എന്നാൽ ഇത്രയും വർഷത്തെ പഴക്കമുണ്ടെന്ന് ഇയാൾക്കറിയില്ലായിരുന്നു. രണ്ട് ഗരുഡന്റെ തലകൾ ആലേഖനം ചെയ്ത രീതിയിലാണ് മോതിരത്തിന്റെ ഡിസൈൻ. ഗരുഡന്റെ തല കണ്ടതിനാലാണ് മോതിരത്തിന്റെ പഴക്കം ബെൻ പരിശോധിച്ചത്.
1550-1650 കാലഘട്ടത്തിലാണ് ഇത്തരം മോതിരങ്ങൾ ഉപയോഗിച്ചിരുന്നത്. ബ്രിട്ടീഷ് മ്യൂസിയം പഠനത്തിനായി ബെന്നിന്റെ പക്കൽ നിന്നും ഈ മോതിരം കൊണ്ടുപോയിരുന്നു. വരുന്ന സെപ്റ്റംബറിൽ മോതിരം ലേലത്തിൽ വെക്കാനൊരുങ്ങുകയാണ് ബെൻ. 10,000 പൗണ്ട്(ഏകദേശം 9 ലക്ഷം ഇന്ത്യൻ രൂപ)ആണ് അടിസ്ഥാന വിലയായി ഇടുന്നത്.